കൊറോണ ഭീഷണി: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന് സംഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍:
തിരുവനന്തപുരം: കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഇപ്പോൾ നടത്താനാവില്ലെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തുന്നതിലെ മൂന്ന് പ്രധാന പ്രായോഗിക ബുദ്ധിമുട്ടുകൾ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.
സംസ്ഥാനത്ത് കൊറോണ കേസുകള്‍ ഓരോ ദിവസവും വര്‍ധിച്ച് വരുന്നതും, സര്‍ക്കാരിന് ഒരു വര്‍ഷം കാലാവധിയില്ലെന്നതും , കാലവര്‍ഷം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നതും ആയ മൂന്ന് കാരണങ്ങള്‍ വ്യക്തമാക്കിയാണ് സംസ്ഥാനത്തെ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള ബുദ്ധിമുട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്.
കൊറോണ പ്രതിസന്ധി നിലനില്‍ക്കുന്നത് കൊണ്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രശ്നമാണ് കമ്മീഷന്‍ പ്രധാനമായും പരിഗണിച്ചത്. തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ മറ്റ് നിയമപ്രശ്നങ്ങള്‍ ഇല്ലെന്നും കമ്മീഷന്‍ പറയുന്നുണ്ട്. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ അറിയിച്ചെങ്കിലും അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി ഇവിഎം അടക്കം പരിശോധിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തിയിട്ടുണ്ട്. അഞ്ചാം തീയതി ചേരുന്ന കമ്മീഷന്‍ യോഗത്തില്‍ സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട് കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.