കൊവിഡ് വാക്സിൻ രാജ്യം മുഴുവൻ വാക്സിൻ സൗജന്യമാണെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയതാണ്.. എന്നിട്ടും കേരളത്തിൽ സൗജന്യമാണെന്ന് പറയാൻ പിണറായിക്ക് നാണമില്ലേ എന്ന് കെ .സുരേന്ദ്രൻ:
കോഴിക്കോട്: കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ എട്ടുകാലി മമ്മൂഞ്ഞെന്ന് വിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊവിഡ് വാക്സിൻ സൗജന്യമായി നൽകുന്നു എന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് അദ്ദേഹം ചോദിച്ചു. രാജ്യം മുഴുവൻ വാക്സിൻ സൗജന്യം എന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയതാണെന്നും കേന്ദ്രത്തിൻ്റെ പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ട് കാലി മമ്മൂഞ്ഞാണ് പിണറായി വിജയനെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾക്കെതിരെ പരാമർശം നടത്തുന്ന മുഖ്യമന്ത്രി നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. ഇന്നലെ മുഖ്യമന്ത്രിയിൽ നിന്ന് കേട്ടത് കുറ്റവാളികളുടെ ദീനരോദനമാണ്. കേസ് അട്ടിമറിക്കാൻ ഉഴലുന്നത് കേരളത്തിലെ ഏജൻസികളാണ്. കേന്ദ്ര ഏജൻസികളെ തിരിച്ച് വിളിക്കാൻ പറയുന്നത് അപഹാസ്യമാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. അന്വേഷണ ഏജൻസിയെ പിൻവലിക്കാൻ പിണറായിയുടെ കത്ത് കാത്തിരിക്കുകയല്ല പ്രധാനമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ഏറ്റവും വലിയ കൊള്ള നടത്തിയ മുഖ്യമന്ത്രിമാരിൽ ഒരാളാണ് പിണറായി വിജയൻ. ജയിലിൽ പോയി സ്വപ്നയെ ചോദ്യം ചെയ്ത് അനുകൂല മൊഴി ഉണ്ടാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണ്. സി എം രവീന്ദ്രനെ മുഖ്യമന്ത്രി പൂർണമായും പിന്തുണക്കുകയാണ്. രവീന്ദ്രന് ഭയമില്ലങ്കിൽ ആരോഗ്യ വകുപ്പിനെ കൂട്ട് പിടിച്ച് നാടകം കളിക്കുന്നത് പിന്നെ എന്തിനാണെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.