കോട്ടയം ; കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് മരിച്ചത് . ശ്വാസതടസ്സം നേരിട്ട രോഗിയെ ഉച്ചയ്ക്ക് 2.15 ഓടെയാണ് കോട്ടയം മെഡിക്കല്‍ കോളേജിൽ എത്തിച്ചത്.വെന്റിലേറ്ററില്ലെന്ന കാരണം പറഞ്ഞ് ജേക്കബിനെ പ്രവേശിപ്പിക്കാൻ അധികൃതർ കൂട്ടാക്കിയില്ലെന്നാണ് പരാതി . പിആര്‍ഒ ബെഡ്ഡില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു എന്നും ബന്ധുക്കള്‍ ആരോപിക്കുന്നു
തുടർന്നു രോഗിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയായ കാരിത്താസിലും, മാതാ ആശുപത്രിയിലും എത്തിച്ചെങ്കിലും അവരും കയ്യൊഴിയുകയായിരുന്നു.തന്നെ ഒന്നു നോക്കൂവെന്ന് രോഗി വരെ അപേക്ഷിച്ച അവസ്ഥയുണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
പിന്നീട് നാലു മണിയോടെ വീണ്ടും മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പ്രവേശിപ്പിക്കാൻ ഡോക്ടർമാർ വിസമ്മതിച്ചു. ആംബുലൻസിൽ കിടന്നാണ് ജേക്കബ് മരിച്ചത്. മരണം സ്ഥിരീകരിക്കുന്നതിനു പോലും ഡോക്ടർമാർ തയാറായില്ലെന്നു ബന്ധുക്കൾ ആരോപിച്ചു. പ്രാഥമിക ശുശ്രൂഷ പോലും നൽകിയില്ല .പനിയും ശ്വാസതടസ്സവും മൂലം ജേക്കബിനെ രണ്ടു ദിവസം മുൻപു കട്ടപ്പനയിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരുന്നു.എന്നാൽ ഇന്നു രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപ്രതി അധികൃതർ കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് ശുപാർശ ചെയ്യുകയായിരുന്നു