കോളേജുകൾ ജനുവരി 1 ന് തുറക്കും : സംസ്ഥാനത്ത് ക്ലാസുകൾ ആരംഭിക്കുക അവസാന വർഷ വിദ്യാർത്ഥികൾക്ക്:
തിരുവനന്തപുരം: കോളേജ് തലത്തിൽ അവസാന വർഷ ബിരുദ ക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം മുതൽ ആരംഭിക്കും. പകുതി വീതം വിദ്യാർത്ഥികളെ വെച്ചായിരിക്കും ക്ലാസ്സുകൾ നടത്തുക.
ആവശ്യമെങ്കിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കാർഷിക സർവകലാശാലയിലെയും ഫിഷറീസ് സർവകലാശാലയിലെയും ക്ലാസ്സുകളും വിദ്യാർത്ഥികളുടെ എണ്ണം ഭാഗിച്ച് പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കാൻ തീരുമാനിച്ചതായാണ് വിവരങ്ങൾ.
അതേസമയം, മെഡിക്കൽ കോളേജുകളിൽ രണ്ടാം വർഷം മുതലുള്ള ക്ലാസ്സുകളായിരിക്കും ആരംഭിക്കുക. യോഗത്തിൽ, എസ്എസ്എൽസി പരീക്ഷയും ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷകളും മാർച്ച് 17 മുതൽ 30 വരെ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാരായ കെ.കെ ഷൈലജ, സി. രവീന്ദ്രനാഥ്, ഡോ. കെ. ടി ജലീൽ, വി.എസ് സുനിൽകുമാർ, ജെ. മേഴ്സിക്കുട്ടിയമ്മ ഉൾപ്പെടെയുള്ള മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു.