കോവിഡ് വ്യാപനം; മൂന്ന് സായുധ സേനകള്‍ക്കും അടിയന്തര സാമ്പത്തിക അധികാരം നൽകി കേന്ദ്രം:

കോവിഡ് വ്യാപനം; മൂന്ന് സായുധ സേനകള്‍ക്കും  അടിയന്തര സാമ്പത്തിക അധികാരം നൽകി കേന്ദ്രം:

കോവിഡ് വ്യാപനം; മൂന്ന് സായുധ സേനകള്‍ക്കും അടിയന്തര സാമ്പത്തിക അധികാരം നൽകി കേന്ദ്രം:

ഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികള്‍ക്കായി ആശുപത്രികള്‍ സ്ഥാപിക്കാനും അവ പ്രവര്‍ത്തിപ്പിക്കാനും ക്വാറന്റൈന്‍ സൗകര്യമൊരുക്കാനുമായി മൂന്ന് സായുധ സേനകള്‍ക്കും അടിയന്തര സാമ്പത്തിക അധികാരം നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. മെയ് ഒന്ന് മുതല്‍ ജൂലൈ 31 വരെയുള്ള മൂന്ന് മാസത്തേക്കാണ് അടിയന്തര അധികാരങ്ങള്‍ നല്‍കിയത്.

കഴിഞ്ഞയാഴ്ച സായുധ സേനയിലെ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് നല്‍കിയ സമാന അധികാരങ്ങള്‍ക്ക് പുറമെയാണിത്. കോവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നിവയുടെ ഉപമേധാവികള്‍ക്കും ജനറല്‍ ഓഫിസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫുകള്‍ക്കും തുല്യ റാങ്കിലുള്ളവര്‍ക്കും ചുമതല നല്‍കും. കോവിഡിനെതിരായ രാജ്യവ്യാപക പ്രതിരോധം ത്വരിതപ്പെടുത്താന്‍ സായുധ സേനയെ പ്രാപ്തരാക്കാനാണ് പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയും അടിയന്തര സാമ്പത്തിക അധികാരങ്ങള്‍ നല്‍കുകയും ചെയ്തതെന്ന് പ്രതിരോധ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

‘ഈ അധികാരങ്ങള്‍ കമാന്‍ഡര്‍മാരെ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കല്‍, ആശുപത്രികള്‍ സ്ഥാപിക്കല്‍, അതിന്റെ പരിപാലനം, സാധനങ്ങളുടെ ക്രയവിക്രയം, സൂക്ഷിക്കല്‍ എന്നിവക്ക് സഹായിക്കും. കൂടാതെ മറ്റു വിവിധ സേവനങ്ങളും കോവിഡിനെതിരായ നിരന്തരമായ ശ്രമങ്ങളെ പിന്തുണക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളും നല്‍കാന്‍ സഹായിക്കും’ മന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.

സൈനിക വിഭാഗം കമാന്‍ഡര്‍മാര്‍ക്കും ഏരിയ കമാന്‍ഡര്‍മാര്‍ക്കും ഒരു കേസിന് 50 ലക്ഷം രൂപ വരെയും ഡിവിഷന്‍ കമാന്‍ഡര്‍മാര്‍ക്കും സബ് ഏരിയ കമാന്‍ഡര്‍മാര്‍ക്കും തതുല്യരായവര്‍ക്കും 20 ലക്ഷം രൂപ വരെയും അധികാരം നല്‍കി.

കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരി ആദ്യമായി പൊട്ടിപ്പുറപ്പെട്ടപ്പോഴും അടിയന്തര അധികാരങ്ങള്‍ സായുധ സേനക്ക് അനുവദിച്ചിരുന്നു. അധികാരം നല്‍കുന്നത് സായുധ സേനയെ സ്ഥിതിഗതികള്‍ വേഗത്തിലും ഫലപ്രദമായും നേരിടാന്‍ സഹായിച്ചതായി മന്ത്രാലയം അറിയിച്ചു.courtesy..brave india