ദില്ലി: താൻ ഒളിച്ചോടിയിട്ടില്ലെന്നും തലയുയർത്തി നടക്കുമെന്നും മുൻ കേന്ദ്രമന്ത്രി പി. ചിദംബരം. ദില്ലി എഐസിസി ആസ്ഥാനത്ത് കോൺഗ്രസ്സ് നേതാക്കൾക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം . തനിക്കെതിരെ ഐ എൻ എഎക്‌സ് കേസിൽ കുറ്റപത്രം നിലവിലില്ലെന്നും ചിദംബരം വ്യക്തമാക്കി.ഐഎൻഎക്സ് മീഡിയ കേസിൽ എന്നിൽ കുറ്റവും ആരോപിക്കപ്പെട്ടിട്ടില്ല, എന്റെ കുടുംബത്തിലെ മറ്റാരും ഒരു തരത്തിലുമുള്ള ഏതെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ലെന്നും ചിദംബരം പറഞ്ഞു. എഴുതി തയ്യാറാക്കി കൊണ്ടുവന്ന പ്രസ്താവനയാണ് ചിദംബരം വായിച്ചത്.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ പക്ഷേ ചിദംബരം തയ്യാറായില്ല.വാർത്ത സമ്മേളനം പെട്ടെന്ന് പൂർത്തിയാക്കി കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലിന്റെ വാഹനത്തിലാണ് ചിദംബരം ഐഐസിസി ആസ്ഥാനം വിട്ടത്. അതേസമയം ചിദംബരത്തെ അറസ്റ് ചെയ്യാൻ സിബിഐ സംഘം ഐഐസിസി ആസ്ഥാനത്തേക്ക് തിരിച്ചതായുള്ള വിവരത്തെത്തുടർന്നാണ് ചിദംബരം വാർത്താസമ്മേളനം പെട്ടെന്ന് പൂർത്തിയാക്കി മടങ്ങിയതെന്നും സൂചനയുണ്ട്.