ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും:
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും , ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. കർത്താവായ ക്രിസ്തുവിന്റെ ജീവിതവും തത്വങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നു. നീതിയും സമഗ്രവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള വഴി അദ്ദേഹത്തിന്റെ പാത കാണിച്ചുകൊണ്ടിരിക്കട്ടെ. എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ആയിരിക്കട്ടെ എന്നാശംസിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ് .
യേശുദേവന് പിറന്നതിന്റെ ആഘോഷമായ ക്രിസ്മസ്, ഐശ്വര്യവും ഒരുമയും സമാധാനവും കൊണ്ട് ആഹ്ലാദപ്രദമാകട്ടെ ഈ ക്രിസ്മസെന്നായിരുന്നു ഗവര്‍ണര്‍ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നത്. ഭൂമിയില്‍ സമാധാനം എന്ന മഹത്തായ സന്ദേശത്തിലൂടെ നല്‍കുന്നത് അനുകമ്പയുടെയും സ്നേഹത്തിന്റെയും ക്ഷമാശീലത്തിന്റെയും ശാശ്വതചൈതന്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടി നില്ക്കുന്ന സാഹചര്യത്തിലും ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും ക്രിസ്തുമസ് പുതുവത്സര ആഘോഷവേളകളില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.