കർഷകരുമായി ചർച്ച നടത്താൻ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി:
ഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കർഷക നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷകരുമായി ചർച്ച നടത്താൻ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. കർഷക നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി സമിതിയെ ചുമതലപ്പെടുത്തി. പത്ത് ദിവസത്തിനുള്ളിൽ സമിതി ആദ്യ സിറ്റിംഗ് നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.സമിതിയുമായി കർഷകർ സഹകരിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
കർഷക നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷകരുടെ പരാതികൾ കേൾക്കാനും സർക്കാരിന്റെ ഭാഗം കേട്ട് ശുപാർശകൾ ചെയ്യാനുമാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. സമിതിക്ക് മുമ്പാകെ കർഷക നേതാക്കൾ ഹാജരാകണമെന്നും തങ്ങളുടെ ഭാഗം അവതരിപ്പിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. സമരം തുടർന്നാലും അവസാനിപ്പിച്ചാലും, നിയമത്തെ അനുകൂലിച്ചാലും പ്രതികൂലിച്ചാലും ഇക്കാര്യത്തിൽ വീഴ്ച പാടില്ലെന്നും കോടതി പറഞ്ഞു.
കർഷക നിയമങ്ങൾക്ക് സ്റ്റേ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ സമരക്കാർ സമരം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഭൂപീന്ദർ സിംഗ് മാൻ, പ്രമോദ് കുമാർ ജോഷി, അശോക് ഗുലാത്തി, അനിൽ ഘാന്വന്ത് എന്നിവർ ഉൾപ്പെടുന്നതാണ് സുപ്രീം കോടതി നിയോഗിച്ച സമിതി.