ഗവർണറുമായി പ്രശ്നങ്ങൾക്കില്ല ; വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നുവെന്ന് സൂചന:

ഗവർണറുമായി പ്രശ്നങ്ങൾക്കില്ല ; വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നുവെന്ന് സൂചന:

തിരുവനന്തപുരം : ഗവർണ്ണറുടെ എതിർപ്പിനെ തുടർന്ന് വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നതായി സൂചന . ഓർഡിനന്‍സുമായി മുന്നോട്ട് പോകണ്ടെന്നും നിയമനിര്‍മ്മാണം മതിയെന്നും നിയമവകുപ്പ് സര്‍ക്കാരിനെ അറിയിച്ചു.
അതേസമയം ഗവര്‍ണറും സര്‍ക്കാരുമായി ഒരുതര്‍ക്കവുമില്ലെന്ന് നിയമമന്ത്രി എ.കെ.ബാലന്‍ വ്യക്തമാക്കി. ഗവര്‍ണറെ റബര്‍സ്റ്റാമ്പായല്ല കാണുന്നതെന്ന് തദ്ദേശമന്ത്രി എ.സി. മൊയ്തീനും അഭിപ്രായപ്പെട്ടു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ഓർഡിനൻസിൽ ഒപ്പിടാതെ വിശദീകരണം ആവശ്യപ്പെട്ട ഗവർണർ സർക്കാരുമായി നിലനിൽക്കുന്ന ഭിന്നതകളും വ്യക്തമാക്കിയിരുന്നു . ഗവർണർ സർക്കാരിനു മുകളിലല്ലെന്ന അഭിപ്രായമാണ് മുഖ്യമന്ത്രി പിണറായി പ്രസ്താവിച്ചതെങ്കിലും ഗവര്‍ണറുമായി നേരിട്ട് തര്‍ക്കത്തിനില്ലെന്ന നിലപാടിലാണ് മന്ത്രിസഭയിലെ മറ്റു മുതിര്‍ന്ന അംഗങ്ങള്‍.

ഓര്‍ഡിനന്‍സ് വീണ്ടും ഗവര്‍ണര്‍ക്ക് അയക്കേണ്ടെന്നും അടുത്ത നിയമ സഭാ സമ്മേളനത്തില്‍ ബില്ലായി കൊണ്ടുവരുന്നതാവും ഉചിതമെന്നുമുള്ള നിയമോപദേശമാണ് സർക്കാരിനു ലഭിച്ചത് . ഓർഡിനൻസ് സംബന്ധിച്ച് ഗവർണറുമായി യുദ്ധമുഖം തുറക്കാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രി എ സി മൊയ്തീന്റെ പ്രസ്താവന .