ചരിത്ര മുഹൂർത്തം; ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്ര ഭരണ പ്രദേശങ്ങൾ നിലവിൽ വന്നു:

ചരിത്ര മുഹൂർത്തം; ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്ര ഭരണ പ്രദേശങ്ങൾ നിലവിൽ വന്നു:

ന്യൂഡൽഹി: ഇന്ത്യയ്ക്കിത് ചരിത്ര മുഹൂർത്തം. ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങൾ നിലവിൽ വന്നു. പുതിയ ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ ഇന്ന് ചുമതലയേല്‍ക്കും. രണ്ട് പ്രദേശങ്ങളും കേന്ദ്രഭരണമേഖലയാക്കി പ്രഖ്യാപിക്കപ്പെട്ടശേഷം ഒക്ടോബര്‍ 31ന് ഭരണസംവിധാനം നിലവില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

370-ാം വകുപ്പ് നീക്കം ചെയ്ത ശേഷമാണ് ആഗസ്റ്റ് അഞ്ചിന് പുതിയ ഭരണസംവിധാനത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോകസഭയെ അറിയിച്ചത്. അതനുസരിച്ച് ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ആയി ഗിരീഷ് ചന്ദ്ര മുര്‍മു, ലഡാക്കിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായി രാധാ കൃഷ്ണ മാഥുര്‍ എന്നിവരെയാണ് തീരുമാനിച്ചത്.ലേ യില്‍ വച്ച് ലഡാക്ക് ഗവര്‍ണറുടെ സ്ഥാനാരോഹണച്ചടങ്ങും ശ്രീനഗറില്‍ വച്ച് ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ സ്ഥാനാരോഹണച്ചടങ്ങും നടക്കും. ഇരുവര്‍ക്കും ജമ്മുകശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീതാ മിത്തലാണ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുക.

ഇതോടെ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം 9 ആയി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കിയതോടെ രാജ്യത്ത് ഇനി മുതൽ 28 സംസ്ഥാനങ്ങളാകും ഉണ്ടാകുക.