ചൈനീസ് ആപ്പുകള്‍ക്ക് വിട;മലയാളിയുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം:
ഡല്‍ഹി: കേന്ദ്രം വികസിപ്പിക്കാന്‍ തീരുമാനിച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് സോഫ്‌റ്റ്വെയറിന്റെ ഇന്നവേഷന്‍ ചലഞ്ചില്‍ പങ്കെടുത്ത മലയാളിയുടെ സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് കേന്ദ്രത്തിന്റെ അംഗീകാരം. ആലപ്പുഴ സ്വദേശിയായ ജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ‘ടെക്‌ജെന്‍ഷ്യ’ കമ്പനിയ്ക്കാണ് കേന്ദ്രസര്‍ക്കാരിന്റെ ഒരുകോടി രൂപയും മൂന്ന് വര്‍ഷത്തേക്കുള്ള കരാറും ലഭിച്ചത്. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദാണ് വിജയികളെ പ്രഖ്യാപിച്ചത്.
പന്ത്രണ്ടായിരത്തിലേറെ കമ്പനികളില്‍ നിന്നാണ് ജോയ് സെബാസ്റ്റ്യന്റെ കമ്പനി തെരഞ്ഞെടുക്കപ്പെട്ടത്. ‘വീ കണ്‍സോള്‍’ എന്നാണ് ആപ്പിന്റെ പേര്. ഇതോടെ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംഗ് സോഫ്‌റ്റ്വെയറായി വീ കണ്‍സോള്‍ മാറി. ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിലാണ് ടെക്ജന്‍ഷ്യ പ്രവര്‍ത്തിക്കുന്നത്. സമ്മാനാര്‍ഹരായ ജോയിയേയും സംഘത്തേയും കേരള ധനമന്ത്രി തോമസ് ഐസക് അഭിനന്ദിച്ചു.
നിലവില്‍ രാജ്യത്ത് സൂം ആപ്പാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങിനായി പ്രധാനമായും ഉപയോഗിച്ചിരുന്നത്. സ്വകാര്യതയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ആരോപിക്കപ്പെട്ടതോടെയാണ് സ്വന്തമായി സോഫ്‌റ്റ്വെയര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രം പദ്ധതിയിട്ടത്. ഈ പ്രതിസന്ധി മറികടക്കുന്നതിനാണ് കേന്ദ്രം ‘ഇന്നൊവേഷന്‍ ചലഞ്ച്’ പ്രഖ്യാപിച്ചത്.courtesy..brave india news