ന്യൂഡല്‍ഹി: മറ്റുള്ളവരുടെ യാത്രാ സ്വാതന്ത്രത്തെ തടയാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് ഷഹീന് ബാഗില്‍ സമരം ചെയ്യുന്നവരോട് സുപ്രീം കോടതി ചോദിച്ചു. സമരം ചെയ്ത് യാത്രാ സൗകര്യം മുടക്കുന്നവരെ എത്രയും വേഗം അവിടെ നിന്നും ഒഴിപ്പിക്കണമെന്ന് സര്‍ക്കാരിനോടും പോലീസിനോടും കോടതി ആവശ്യപ്പെട്ടു.
വളരെക്കാലമായി പ്രതിഷേധം തുടരുകയാണെന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് റോഡ് തടഞ്ഞ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും ജസ്റ്റിസ് എസ്കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാനും പൊതുഗതാഗതം തടസ്സപ്പെടുത്താനും ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരെ അനുവദിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവര്‍ ദല്‍ഹിയും നോയിഡയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് തടസ്സപ്പെടുത്തിയിരിക്കുകയാണ്. പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്നും എന്നാല്‍ അതിനായി നിയോഗിക്കപ്പെട്ട സ്ഥലത്ത് പ്രതിഷേധം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഷഹീന് ബാഗിലെ സമരക്കാരെ നീക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ അമിത് സാഹ്നി, ഡോ. നന്ദകിഷോര്‍ ഗാര്‍ഡ് എന്നിവര്‍ കോടതിയെ സമീപിച്ചിരുന്നു.(courtesy..east coast daily)