ജനാധിപത്യത്തിന്റെ കുഴിച്ചുമൂടൽ; പശ്ചിമബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം:

ജനാധിപത്യത്തിന്റെ കുഴിച്ചുമൂടൽ;  പശ്ചിമബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം:

ജനാധിപത്യത്തിന്റെ കുഴിച്ചുമൂടൽ; പശ്ചിമബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം: വി. എം മോഹനൻ പിള്ള.

Destruction of Democrazy in West Bengal; Implement Presidential Rule:

പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായിരുന്ന മമതാ ബാനർജിയുടെ തൃണമൂ ൽ കോൺഗ്രസ് അവർപോലും പ്രതീക്ഷിക്കാത്ത രീതിയിൽ വീണ്ടും അധികാരത്തിലെത്തി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മണിക്കൂറുകൾക്കകം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും തലസ്ഥാനമായ കൊൽക്കത്തയുടെ വിവിധ കേന്ദ്രങ്ങളിലും തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിൽ അക്രമങ്ങൾ അരങ്ങേറി. മുഖ്യപ്രതിപക്ഷമായ ബിജെപിയുടെ ഓഫീസുകളും പ്രധാന പ്രവർത്തകരുടെ വീടുകളും ആയുധധാരികളായ തൃണമൂലുകാർ ആക്രമിക്കുന്നു. ബിജെപി നേതാക്കൾ പോലും പ്രാണഭയത്താൽ ഒളിവിൽ പോകുന്നു. സാധാരണ പ്രവർത്തകർ കാടുകളിൽ അഭയം തേടുന്നു. ഇവർക്ക് ദിവസങ്ങൾ കഴിഞ്ഞിട്ടും സ്വഭവനങ്ങളിലേക്കോ ഗ്രാമങ്ങളിലേക്കോ മടങ്ങി വരുവാൻ കഴിഞ്ഞിട്ടില്ല. ആദ്യ ദിവസം തന്നെ നടന്ന ആക്രമണ പരമ്പരകളിൽ 12 പേരാണ് കൊല്ലപ്പെട്ടത്.

അക്രമണത്തോടൊപ്പം വൻ തോതിൽ കൊള്ളയും നിർബാധം നടന്നു. ബിജെപിയുടെ ഓഫീസുകളും പ്രവർത്തകരുടെ വീടുകളും കച്ചവടസ്ഥാപനങ്ങളും അക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പുറത്തുവന്നിട്ടുണ്ട്.

സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന ഗവർണർ ജഗദീപ് ധൻ കരുടെ നിർദ്ദേശം ചെവിക്കൊള്ളാൻ സർക്കാർ തയ്യാറായിട്ടില്ല. ബംഗാൾ ഫലപ്രഖ്യാപനത്തെ തുടർന്ന് തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ വ്യാപകമായി അക്രമം അഴിച്ചുവിട്ട പ്രദേശങ്ങളിൽ ജനങ്ങൾ പോലീസ് സ്റ്റേഷനുകളിലേക്ക് കയറുവാൻ പോലും ഭയക്കുന്ന സ്ഥിതിയാണെന്ന് ഗവർണർതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അക്രമങ്ങളെ തുടർന്ന് ആസ്സാമിലേക്ക് പ്രാണരക്ഷാർത്ഥം കൂട്ടു പാലായനം ചെയ്ത അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിച്ച ശേഷമാണ് ഗവർണർ ജഗദീപ് ധൻകർ ഈ അഭിപ്രായ പ്രകടനം നടത്തിയത്. ക്യാമ്പിലെ സ്ത്രീകൾ ഗവർണറുടെ കാലിൽ പിടിച്ച് അലമുറയിട്ടത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു. പോലീസുകാർ ഭരണകക്ഷിയുടെ നേതാക്കളെ ഭയന്ന് കഴിയുന്നു.

സംസ്ഥാനത്ത് അരങ്ങേറുന്ന നിരന്തരമായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ 77 എം.എൽ.എമാർക്ക് കേന്ദ്ര അർധസൈനിക വിഭാഗങ്ങളുടെ സുരക്ഷ ഒരുക്കിയിരിക്കുകയാണ്. എം.എൽ.എ.മാർക്ക് സി.ഐ. എസ്.എഫ്ന്റെയും ,സി. ആർ. പി. എഫ് ന്റെയും സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നേരത്തേ തന്നെ വധഭീഷണിയുള്ള പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിക്ക് ഇസെഡു കാറ്റഗറി സംരക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. നിയമസഭാ സാമാജികർക്കും പ്രതിപക്ഷ നേതാവിനും സംരക്ഷണം നൽകാൻ കഴിയാത്ത ഒരു സർക്കാരിന് അധികാരത്തിൽ തുടരുന്നതിനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്.

ഇതിനിടയിലുണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവം മിഡ്നാപ്പൂർ ജില്ലയിൽ 20 വയസ്സുള്ള പെൺകുട്ടി ആറുപേരുടെ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണ്. താൻ ബി.ജെ.പി.ക്ക് വോട്ട് ചെയ്തെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പ്രതികാര നടപടിയായിരുന്നു അത്. ബംഗാളിലെ പ്രധാന മാധ്യമങ്ങളായ ആനന്ദ ബസാർ പത്രിക, ഹിന്ദുസ്ഥാൻ ടൈംസിന്റെ ബംഗാൾ എഡിഷനുകൾ റ്റി. വി ബംഗ്ലാ എന്നിവ വൻ പ്രാധാന്യത്തോടെ നൽകിയ ഈ വാർത്ത മലയാള മാധ്യമലോകം അറിയാതെ പോയത് കഷ്ടമായിപ്പോയി.

ഇതിനെല്ലാം പുറമേ കലിയിളകിയ അക്രമികൾ കേന്ദ്രമന്ത്രിയെ പോലും വെറുതെ വിട്ടില്ല. കേന്ദ്ര മന്ത്രി വി.മുരളീധരന്റെ വാഹനത്തെ ആക്രമിച്ച് അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചതും മമത സർക്കാർ കണ്ടില്ലെന്നു നടിച്ചു. തലനാരിഴയ്ക്കാണ് കേന്ദ്ര മന്ത്രി രക്ഷപ്പെട്ടത്. അതുപോലെ ബൻകുരയിൽ നിന്നുള്ള പാർലമെന്റ് അംഗം സുബാസ് സർക്കാരിന്റെ വാഹനം ആക്രമിക്കപ്പെട്ടത് മെയ്‌ 13നാണ്. ബൻകുര പോലീസ് സ്റ്റേഷന് തൊട്ടടുത്ത് വച്ചാണ് എം. പി യുടെ കാറിനുനേരെ തൃണമൂൽ ആക്രമണമുണ്ടായത്. തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും അക്രമങ്ങൾ സംസ്ഥാനത്ത് നിർബാധം തുടരുന്നുവെന്നാണ് സംഭവങ്ങൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് അരങ്ങേറുന്ന അക്രമസംഭവങ്ങളുടെ പിന്നിൽ ഉന്നതതല ഗൂഢ ആലോചന ഉണ്ടെന്ന് വ്യക്തമാണ്.

പശ്ചിമബംഗാളിലെ ജനങ്ങൾ അഗ്നിപർവ്വതത്തിന് മുകളിലാണ് കഴിയുന്നതെന്നാണ് ഏറ്റവുമൊടുവിൽ നന്ദിഗ്രാമിലെ സംഘർഷ ബാധിത കേന്ദ്രങ്ങൾ സന്ദർശിച്ച ഗവർണർ അഭിപ്രായപ്പെട്ടിരിക്കുന്നത്. സംഘർഷ കേന്ദ്രമായ നന്ദിഗ്രാമം സന്ദർശിക്കാൻ പോയ ഗവർണർക്ക് പല സ്ഥലത്തും പോലീസ് സന്ദർശനാനുമതി നിഷേധിച്ചു എന്നാണ് വാർത്തകൾ.

സാധാരണ പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന് പ്രാഥമിക ബാധ്യത നിറവേറ്റുന്നതിൽ പോലും ബംഗാൾ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. കൊള്ളയും കൊലയും സർക്കാരിന്റെയും പോലീസിന്റെയും പിന്തുണയോടെ നിർബാധം നടക്കുന്നു. ഇങ്ങനെ ഭരണഘടനയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ട്, കേന്ദ്ര നിർദ്ദേശങ്ങളെ ധിക്കരിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് മമത സർക്കാരിന്റെ ഭാവമെങ്കിൽ കേന്ദ്രം അതനുവദിക്കരുത്. എത്രയും വേഗം ഭരണഘടനയുടെ 356 വകുപ്പ് ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ട് പശ്ചിമബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയാണ് വേണ്ടത്. Kaladwaninews.com