ജമ്മു കശ്മീരില്‍ സേനയ്ക്കുള്ള ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ പദ്ധതി : അതീവ ജാഗ്രത പുലര്‍ത്തി രഹസ്യാന്വേഷണ വിഭാഗം:

ജമ്മു കശ്മീരില്‍ സേനയ്ക്കുള്ള ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ പദ്ധതി : അതീവ ജാഗ്രത പുലര്‍ത്തി രഹസ്യാന്വേഷണ വിഭാഗം:

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയ്ക്കുള്ള ഭക്ഷണത്തിലും വെള്ളത്തിലും വിഷം കലര്‍ത്താന്‍ തീവ്രവാദികള്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച സുരക്ഷാ മുന്നറിയിപ്പ് പുറത്തു വന്നത്.വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുള്ള വിവരം അനുസരിച്ച് ഇന്റലിജന്‍സ് ഏജന്‍സികള്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

കശ്മീര്‍ താഴ്‌വരയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളോട് ഇന്ത്യയിലെ നിരവധി സ്ഥലങ്ങളില്‍ ആക്രമണമഴിച്ചു വിടാന്‍ പാകിസ്ഥാന്റെ ഐ‌.എസ്‌.ഐ ഉത്തരവിട്ടിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.തീവ്രവാദികളും അവരുടെ പാകിസ്ഥാന്‍ നേതാക്കന്മാരും തമ്മിലുള്ള സന്ദേശങ്ങള്‍ ചോര്‍ത്തിയപ്പോഴാണ് ഐ‌എസ്‌ഐയുടെ ആക്രമണ പദ്ധതി വെളിപ്പെട്ടത്.

ഇതിന്റെ തുടർച്ചയെന്നോണം ,ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, ഈ ശ്രമങ്ങള്‍ പരാജയപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ സൈന്യം വിജയിച്ചിട്ടുണ്ടെന്നും കരസേനാ മേധാവി മിലിന്ദ് മുകുന്ദ് നരവനെ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു.ഇതോടൊപ്പം ,ഭീകര ക്യാമ്പുകൾ , തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയെല്ലാം പാകിസ്ഥാനില്‍ നിലനില്‍ക്കുന്നതിനാല്‍ ,ഇന്ത്യയുടെ ഭാഗത്ത് അനാവശ്യമായ ഒന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഇന്ത്യന്‍ സൈന്യം വളരെ ജാഗ്രത പുലര്‍ത്തണമെന്നും കരസേനാ മേധാവി വ്യക്തമാക്കിയിരുന്നു.