ജിമ്മുകള്‍ തുറക്കും; സ്‌കൂളുകള്‍ അടഞ്ഞു കിടക്കും..; കേന്ദ്രത്തിന്റെ അണ്‍ലോക് മൂന്നാം ഘട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരം:
ന്യൂഡല്‍ഹി : കൊറോണ അണ്‍ലോക് പ്രക്രിയയുടെ രണ്ടാം ഘട്ടം ജൂലൈ 31 അവസാനിക്കാനിരിക്കെ … അണ്‍ലോക് പ്രക്രിയയുടെ മൂന്നാം ഘട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.മൂന്നാം ഘട്ടത്തില്‍ രാജ്യത്ത് കൂടുതല്‍ ഇളവുകൾ നൽകുന്നതാണ് പ്രഖ്യാപനം. അതിൽ ജിമ്മുകളും യോഗ സെന്ററുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് അഞ്ച് മുതലാകും രാജ്യത്ത് ജിമ്മുകളും യോഗ സെന്ററുകളും പ്രവര്‍ത്തനം ആരംഭിക്കുക. രാത്രി കാലങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞയും മൂന്നാംഘട്ടത്തില്‍ പിന്‍വലിച്ചിട്ടുണ്ട്. കൊറോണ പ്രോട്ടോകോളുകളും സാമൂഹിക അകലവും പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
സ്‌കൂളുകളും, കോളേജുകളും, കോച്ചിംഗ് സെന്ററുകളും ആഗസ്റ്റ് 31 വരെ തുറക്കില്ല. മെട്രോ റെയില്‍, സിനിമ തിയറ്ററുകള്‍, ഹാളുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, സ്വിമ്മിംഗ് പൂളുകള്‍, പാര്‍ക്കുകള്‍, അസ്സംബ്ലി ഹാളുകള്‍ തുടങ്ങിയവ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ അടഞ്ഞ് കിടക്കും.
സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്‌കാരിക, മത പരിപാടികള്‍ നിരോധിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ തുടരും. അതേ സമയം മേഖലകളില്‍ അവശ്യ സേവനങ്ങള്‍ അനുവദിക്കും.
സംസ്ഥാന- സംസ്ഥാനേതര യാത്രകള്‍ക്ക് നിയന്ത്രണങ്ങളില്ല. ഇതര സംസ്ഥാന യാത്രകള്‍ക്കായി പ്രത്യേക അനുവാദമോ, അനുമതിയോ, ഇ പെര്‍മിറ്റോ ആവശ്യമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.