നായമാംസത്തിന്റെ വില്പന നിരോധിച്ച് നാഗാലാൻഡ് ;ഭക്ഷണത്തിനിനി നായമാംസമില്ല:
കൊഹിമ: നായമാംസത്തിന്റെ വിൽപ്പനയും ഇറക്കുമതിയും കച്ചവടവും നിരോധിച്ച് നാഗാലാൻഡ്. നായകളുടെ മാംസം വിൽക്കുന്നതോ മാംസത്തിനായി നായകളെ വിൽക്കുന്നതോ നായമാംസം പാചകം ചെയ്തതോ അല്ലാത്തതോ ആയ നിലയിൽ നാഗലാൻഡിലേക്ക് കടത്തുന്നതോ ആയ എല്ലാ പ്രവർത്തനങ്ങളും നിരോധിക്കുകയാണെന്ന് നാഗാലാൻഡ് ഗവണ്മെന്റ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
.
മിസോറാം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശത്തുകാർ നായമാംസം ഭക്ഷിയ്ക്കാറുണ്ട്. ഇതിനായി അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരെ തെരുവുനായ്ക്കളെ അനധികൃതമായി കടത്തുന്നത് വ്യാപകമാണ്. ഒരു നിയന്ത്രണവുമില്ലാതെ നടക്കുന്ന ഈ കച്ചവടത്തിൽ നായ്ക്കളെ അതിക്രൂരമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്.വർഷാവർഷം ഏകദേശം മുപ്പതിനായിരത്തോളം നായകളെയാണ് മാംസത്തിനായി നാഗലാൻഡിലേക്ക് കടത്തുന്നത്.നാഗലാൻഡിലെ എല്ലാ ജനങ്ങളും നായമാംസം ഭക്ഷിക്കാറില്ല. മിസോറാമിലേയും നാഗലാൻഡിലേയും ചില ഗോത്രവർഗ്ഗങ്ങളിലുള്ളവർ മാത്രമാണ് നായമാംസം ഭക്ഷിക്കുന്നത്.നേരത്തേ മിസോറാം ഗവണ്മെന്റും സമാനമായ നിയമം പാസ്സാക്കിയിരുന്നു.