മുംബൈ : സാമ്പത്തിക കുറ്റകൃത്യത്തെ തുടർന്ന് രാജ്യം വിട്ട നീരവ് മോദിയുടെ കടൽത്തീരത്തെ ബംഗ്ളാവാണ് പൊളിച്ചത്.. ഡൈനമൈറ്റ് സ്റ്റിക്കുകൾ ഉപയോഗിച്ച്. നിയന്ത്രിത സ്ഫോടനം നടത്തിയാണ് ബംഗ്ലാവ് പൊളിച്ചത്. 30,000 ചതുരശ്ര അടിയുള്ള ബംഗ്ലാവ് നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.
ബംഗ്ലാവിന് അടുത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. തീരദേശനിയമങ്ങൾ ലംഘിച്ച് നിർമ്മിച്ച ബംഗ്ലാവിനെതിരെയാണ് സർക്കാർ നടപടി. ഒന്നരമാസം നീണ്ടു നിന്ന ശ്രമത്തിനൊടുവിലാണ് പൊളിച്ചത്. നീരവ് മോദിയുടെ 148 കോടി വില വരുന്ന സ്വത്തുക്കൾ മുംബൈയിൽ നിന്നും സൂറത്തിൽ നിന്നും കഴിഞ്ഞയാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് പിടിച്ചെടുത്തിരുന്നു.പഞ്ചാബ് നാഷണൽ ബാങ്കിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖ ചമച്ച് ബാങ്കിന് ഭീമമായ നഷ്ടമുണ്ടാക്കുന്ന തരത്തിൽ പണം തട്ടിയതുമായി ബന്ധപ്പെട്ടതാണ് നീരവ് മോദിക്കെതിരായ ഏറ്റവും പ്രമുഖമായി നിലനിൽക്കുന്ന കുറ്റം.