തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും സ്വയം തീകൊളുത്തി മരിച്ച കേസിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മരണപ്പെട്ട ലേഖയുടെ ഭർത്താവ് ചന്ദ്രൻ, ഭര്‍തൃമാതാവ് കൃഷ്ണമ്മ, സഹോദരി ശാന്ത,ഭർത്താവ് കാശി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്നായിരുന്നു ആത്മഹത്യ എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ലേഖയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതോടെയാണ് യഥാർത്ത കാരണം വെളിവാകുന്നത്. മരണത്തിനുത്തരവാദി ഭർത്താവും ബന്ധുക്കളുമാണെന്നും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.ആത്മഹത്യ ചെയ്ത മുറിയുടെ ചുവരിൽ ഉത്തരവാദികളുടെ പേര് കുറിക്കുകയും ആത്മഹത്യാക്കുറിപ്പ് ചുവരിൽ ഒട്ടിക്കുകയും ചെയ്തിരുന്നു.
ബാങ്കിലെ തിരിച്ചടവ് നീട്ടികൊണ്ട് പോകാന്‍ കാരണംഭർത്താവും വീട്ടുകാരുമാണെന്നും, സ്ഥലം വിൽക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതെന്നും ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഭാര്യ എന്ന സ്ഥാനം തനിക്ക് ഇതുവരെ നൽകിയിട്ടില്ലെന്നും ആഹാരം കഴിക്കാനുള്ള അവകാശം പോലും തങ്ങള്‍ക്ക് ഇല്ലെന്നും ലേഖ ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞു.
ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതോടെ ലേഖയുടെ ഭര്‍ത്താവിനെയും ഭര്‍തൃ വീട്ടുകാരെയും കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും ചെയ്തതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.