നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 124-ാം ജന്മവാര്‍ഷികം ഇന്ന്:

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 124-ാം ജന്മവാര്‍ഷികം ഇന്ന്:

ബ്രിട്ടീഷ് സാമ്രാജ്യത്തെ സൈനികമായി വിറപ്പിച്ച ഇന്ത്യൻ സായുധ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒളിമങ്ങാത്ത ഏടാണ് ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ യുവ നേതാവായിരുന്ന സുഭാഷ് ചന്ദ്ര ബോസിന്റേത്.

തിരുവനന്തപുരം:നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 124 – ) o  ജന്മവാര്‍ഷികം രാജ്യം ഇന്ന് ആഘോഷിക്കുകയാണ്. അടിമത്ത ഭാരതത്തിന്റെ രക്ഷക്കായി ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്ന പേരില്‍ ഭാരതീയമായ സൈനിക വ്യൂഹം ഉണ്ടാക്കിയ സുഭാഷ് ചന്ദ്രബോസ് 1897 ജനുവരി 23നാണ് ജനിച്ചത്. ഒഡീഷയിലെ കട്ടക്കില്‍ ജാനകി നാഥ് ബോസിന്റേയും പ്രഭാവതീ ദത്ത് ബോസിന്റെയും മകനായിട്ടാണ് ജനനം. 14 മക്കളില്‍ 9-ാമനായിരുന്നു സുഭാഷ് ബോസ്.

1945 ആഗസ്റ്റ് 18ന് സുഭാഷ് ചന്ദ്രബോസ് മരണപ്പെട്ടതായാണ് കരുതപ്പെടുന്നത്.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപോരാട്ട ചരിത്രത്തില്‍ ഉജ്വലമായ പോരാട്ട വീര്യം കൊണ്ടും ഒപ്പം ഇന്നും തെളിയിക്കപ്പെടാത്ത തിരോധാനം കൊണ്ടും ശ്രദ്ധേയമാണ് നേതാജിയുടെ ജീവിതം.ഇന്ത്യന്‍ യുവത്വം ഏറ്റവും ആരാധിച്ചിരുന്ന സ്വാതന്ത്ര്യ സമരനേതാവും അക്കാലത്ത് സുഭാഷ് ചന്ദ്രബോസായിരുന്നു.

ബ്രിട്ടീഷുകാരന്റെ അടിമപ്പണി ചെയ്യില്ലെന്ന ശപഥമെടുത്ത സുഭാഷ് ബോസ്  പദവികള്‍ വലിച്ചറിഞ്ഞ്, സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തു ചാടുകയായിരുന്നു. പ്രസിദ്ധ വിപ്ലവകാരി ചിത്തരഞ്ജന്‍ ദാസിന്റെ കീഴിലാണ് സുഭാഷ് ബോസ് സ്വാതന്ത്ര്യ സമര പോരാട്ടം തുടങ്ങിയത്. അതിനൊപ്പം സ്വരാജ് എന്ന പത്രവും ആരംഭിച്ചു.

1941ല്‍ വീട്ടുതടങ്കലിളായ സുഭാഷ് തടങ്കലിൽ നിന്ന് രക്ഷപ്പെട്ട് ജര്‍മ്മനിയിലെത്തുകയും അവിടെ ആസാദ് ഹിന്ദ് റേഡിയോ ആരംഭിച്ച് ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം തുടങ്ങി. 7 ഓളം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്ന സുഭാഷ് ബോസ് റേഡിയോ പ്രക്ഷേപണത്തിലൂടെ ബ്രിട്ടന്റെ ക്രൂരതകള്‍ തുറന്നുകാട്ടി.1943 ല്‍ ജപ്പാനിലെത്തിയതോടെ ബ്രിട്ടീഷുകാർക്കെതിരെ സായുധപോരാട്ടത്തിന് ഒരുക്കങ്ങൾ തുടങ്ങി.40,000 പോരാളികളെയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി സുഭാഷ് ബോസ് ജപ്പാന്റെ സഹായത്താല്‍ പരിശീലിപ്പിച്ച് തയ്യാറാക്കിയത്.

രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ സൈന്യത്തിന്റെ സഹായത്താല്‍ സിംഗപ്പൂരിലേക്കും പിന്നീട് ഇന്നത്തെ മ്യാന്‍മറിലേക്കും എത്തിയ സുഭാഷിന്റെ ഐഎന്‍എ സൈന്യം അസാമിലെ പോരാട്ടത്തില്‍ ബ്രിട്ടണെതിരെ ശക്തമായി പോരാടി. ബ്രിട്ടണ്‍ സിംഗപ്പൂര്‍ പിടിച്ചതോടെ കീഴടങ്ങാതെ രക്ഷപ്പെട്ടുള്ള യാത്രക്കിടെ തായ്വാനിലെ വിമാനാപകടത്തില്‍ മരണമടഞ്ഞതായാണ് കരുതപ്പെടുന്നത് .ബ്രിട്ടീഷ് സാമ്രാജ്യത്തെ സൈനികമായി വിറപ്പിച്ച ഇന്ത്യൻ സായുധ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒളിമങ്ങാത്ത ഏടാണ് ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ യുവ നേതാവായിരുന്ന സുഭാഷ് ചന്ദ്ര ബോസിന്റേത്. courtesy.