പത്മ പുരസ്‌ക്കാര ജേതാക്കള്‍ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി:

പത്മ പുരസ്‌ക്കാര ജേതാക്കള്‍ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി:

പത്മ പുരസ്‌ക്കാരത്തിന് അര്‍ഹരായത്…സാമൂഹ്യ നന്മ്ക്കും രാജ്യത്തിനും മാനവികതയ്ക്കും അതുല്ല്യ സംഭാവനകള്‍ നല്‍കിയ വ്യക്തികളെന്നു പ്രധാനമന്ത്രി:

ന്യൂഡല്‍ഹി: പത്മ പുരസ്‌ക്കാര ജേതാക്കള്‍ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം പുരസ്‌ക്കാര ജേതാക്കള്‍ക്ക് അഭിനന്ദനം അറിയിച്ചത്. പത്മ പുരസ്‌ക്കാരങ്ങള്‍ നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ സമൂഹത്തിനും രാജ്യത്തിനും മാനവികതയ്ക്കും അതുല്ല്യ സംഭാവനകള്‍ നല്‍കിയ വ്യക്തികളാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായത്. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച പ്രമുഖ നിയമവിദഗ്ധൻ എൻ.ആർ. മാധവമേനോൻ അടക്കം ഏഴുമലയാളികൾക്ക് പുരസ്കാരം. ഏഴുപേർക്ക് പദ്മവിഭൂഷൺ, 16 പേർക്ക് പദ്മഭൂഷൺ, 118 പേർക്ക് പദ്മശ്രീ എന്നിങ്ങനെയാണ് ശനിയാഴ്ച പ്രഖ്യാപിച്ചത്.

അന്തരിച്ച കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്ലി, സുഷമാ സ്വരാജ്, ജോര്‍ജ് ഫര്‍ണാണ്ടസ്, ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ സ്വാമി, ബോക്സിംഗ് താരം മേരി കോം, ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ ഗായകന്‍ ചന്നുലാല്‍ മിശ്ര, മൗറീഷ്യസ് മുന്‍ പ്രധാനമന്ത്രിയും പ്രസിഡന്റുമായിരുന്ന അനിറൂഡ് ജുഗ്‌നൗത് എന്നിവരാണ് പത്മവിഭൂഷണ്‍ പുരസ്‌ക്കാരത്തിന് അര്‍ഹരായത്.

അന്തരിച്ച കേന്ദ്രമന്ത്രി മനോഹര്‍ പരീക്കര്‍, വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്ര, ബാഡ്മിന്റണ്‍ താരം പി വി സിന്ധു, ആത്മീയഗുരു ശ്രീ എം, അന്തരിച്ച നിയമവിദഗ്ധന്‍ എന്‍ ആര്‍ മാധവ മേനോന്‍, അനില്‍ പ്രകാശ് ജോഷി തുടങ്ങി 16 പേര്‍ക്കാണ് പത്മഭൂഷണ്‍ പുരസ്‌ക്കാരം ലഭിച്ചത്.

118 പേരാണ് പത്മശ്രീയ്ക്ക് അര്‍ഹരായത്. സസ്യ വര്‍ഗീകരണ ശാസ്ത്രജ്ഞന്‍ ഡോ കെ എസ് മണിലാല്‍, സാമൂഹിക പ്രവര്‍ത്തകന്‍ എം കെ കുഞ്ഞോള്‍, സാഹിത്യകാരന്‍ എന്‍ ചന്ദ്രശേഖരന്‍ നായര്‍, നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷിയമ്മ, സാമൂഹിക പ്രവര്‍ത്തകന്‍ സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവരാണ് പത്മ പുരസ്‌ക്കാരം ലഭിച്ച മലയാളികള്‍.