പദ്മശ്രീ തിളക്കവുമായി വയനാടിന്റെ നെല്ലച്ഛൻ :ചെറുവയൽ രാമൻ :
പദ്മശ്രീ നേടി മലയാളക്കരയുടെ അഭിമാനമായി മാറിയ നെല്ലച്ഛന് അഭിനന്ദനങ്ങൾ.
ചുരം കയറി വയനാട്ടിലെത്തുന്ന ആരും ചെറുവയൽ രാമനെ കുറിച്ച് കേൾക്കാതിരിക്കാൻ വഴിയില്ല. കമ്മന ഗ്രാമത്തിലെ ചെറുവയൽ തറവാട്ടിലെ കുറിച്യ കാരണവരായ ചെറുവയൽ രാമന്റെ പ്രശസ്തി പണ്ടെ കാടിറങ്ങി പ്രസിദ്ധമായതാണ്. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതോടെ ചെറുവയൽ രാമന് അർഹിച്ച അംഗീകാരം ലഭിച്ചിരിക്കുകയാണ്. അന്യം നിന്നുപോയ നിരവധി നെൽവിത്തുകളുടെ സംരക്ഷകനായ വയനാട്ടുകാരുടെ സ്വന്തം നെല്ലച്ഛന് ഇതിൽപ്പരം മറ്റെന്ത് വേണം സന്തോഷിക്കാൻ. മണ്ണിന്റെ മക്കളെ അംഗീകരിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് അദ്ദേഹം.
വർഷങ്ങൾക്ക് മുൻപ് കണ്ണൂർ ഡിഎഫ്ഒ ഓഫിസിൽ നൂറ്റി അൻപത് രൂപ ശമ്പളത്തിൽ വാർഡനായി ജോലികിട്ടിയിരുന്നെങ്കിലും അന്നത്തെ കാലത്ത് നൂറ്റി അൻപത് രൂപ എന്നത് വലിയ ഒരു സംഖ്യ ആയിട്ടുകൂടിയും അത് നിരസിച്ച കഥയാണ് ‘നെല്ലച്ഛന് പറയാനുള്ളത്. അപൂർവ്വവും അന്യം നിന്നുപോയതുമായ നെൽവിത്തുകളെ ഉത്പാദിപ്പിച്ച് സംരക്ഷിക്കുകയെന്ന ദൗത്യം നിർവഹിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് കസേരയിലിരുന്ന് ശമ്പളം വാങ്ങുന്ന ജോലി ഉപേക്ഷിക്കാൻ കാരണമായത് . അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ചെറുവയൽ രാമൻ ഇന്ന് തൃശൂർ കാർഷിക സർവ്വകലാശാല സെനറ്റ് അംഗ മാണ്. അതിനു പിന്നിലും കഠിനാധ്വാനത്തിന്റെ കഥയാണ് ഉള്ളത്. കുടുംബത്തിന്റെ നാഥനായ അമ്മാവന്റെ മരണശേഷം കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽപ്പാടത്തിന്റെയും 70 ലധികം കുടുംബങ്ങളുടേയും കൂടെ നെല്ലിനങ്ങളുടേയും സംരക്ഷകനായി അദ്ദേഹം മാറുകയായിരുന്നു.പരമ്പരാഗതരീതി ഇന്നും കൈവിടാതെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുകയാണ് അദ്ദേഹം. പദ്മശ്രീ നേടി മലയാളക്കരയുടെ അഭിമാനമായി മാറിയ നെല്ലച്ഛന് അഭിനന്ദനങ്ങൾ.news desk kaladwani news