ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്. ലഡാക്കിന് സമീപമുള്ള സ്കര്‍ദു ബെയ്സ് ക്യാംപിലേക്ക് പാകിസ്ഥാന് പോര്‍വിമാനങ്ങള്‍ ഉള്‍പ്പടെയുള്ള യുദ്ധോപകരണങ്ങള്‍ വിന്യസിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സമീപമുള്ള സ്കര്‍ദു ബെയ്സ് ക്യാംപിലേക്ക് മൂന്ന് സി-130 യുദ്ധവിമാനങ്ങളില്‍ ”പാകിസ്ഥാന് വ്യോമസേന ഉപകരണങ്ങള്‍ എത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിര്‍ത്തിയിലെ പാകിസ്ഥാന്റെ നീക്കങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്’. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
യുദ്ധവിമാനങ്ങള്‍ക്ക് പിന്തുണ നല്‍കാനുള്ള ഉപകരണങ്ങളാണ് പാകിസ്ഥാന് സ്കര്‍ദു ബെയ്സ് ക്യാംപില്‍ വിന്യസിക്കുന്നതെന്നാണ് സൂചന. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നതിനു പിന്നാലെ പാകിസ്ഥാന് പ്രകോപനപരമായ നടപടികളാണ് സ്വീകരിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കിയിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പുറത്താക്കിയതിന് പുറമേ പാകിസ്ഥാന് ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിര്‍ത്തലാക്കുകയും ചെയ്തിരുന്നു.പാകിസ്ഥാനില്‍ നിന്നുള്ള സംജോത എക്സ്പ്രസ് സര്‍വീസുകള്‍ പാകിസ്ഥാന് നിര്‍ത്തലാക്കിയതിന് മറുപടിയെന്നോണം ന്യൂഡല്‍ഹിയില്‍ നിന്നുള്ള സര്‍വീസുകള്‍ കഴിഞ്ഞ ദിവസം ഇന്ത്യ റദ്ദാക്കിയതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചിരുന്നു.