കൊച്ചി: പെരുമ്പാവൂരില്‍ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ബലാംത്സംഗത്തിന് ശേഷമെന്ന് പോലീസ്. ബലാത്സംഗത്തിന് ശേഷം സമീപത്തുണ്ടായിരുന്ന തൂമ്പ ഉപയോഗിച്ച് യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി ഉമര്‍ അലിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പെരുമ്പാവൂര്‍ സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപമുള്ള ഹോട്ടലിന്റെ ഇടവഴിയില്‍ വച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയെ ഉമര്‍ അലി ബലാത്സംഗം ചെയ്ത ശേഷം തൂമ്പ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം സമീപത്തെ ഹോട്ടലിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഉമര്‍ അലി സിസിടിവി ക്യാമറയും തല്ലിപ്പൊട്ടിച്ചിരുന്നു.
രാവിലെ ഹോട്ടല്‍ തുറക്കാന്‍ എത്തിയ ജീവനക്കാരാണ് യുവതിയുടെ മൃതദേഹം കണ്ടത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് മൂന്ന് മണിക്കൂറിനകം ഉമര്‍ അലിയെ പിടികൂടി. അസം സ്വദേശിയായ ഉമര്‍ അലി പെരുമ്പാവൂരില്‍ നിര്‍മ്മാണ തൊഴിലാളിയാണ്. ഇയാളുടെ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണെന്ന് പോലീസിന് സംശയമുണ്ട്.