ദില്ലി: പൗരത്വ നിമയ ഭേദഗതിക്ക് സ്റ്റേ അനുവദിക്കാതെ സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ നല്‍കാനാവില്ലെന്നു സുപ്രീം കോടതി വാക്കാല്‍ വ്യക്തമാക്കുകയായിരുന്നു. എന്‍പിആര്‍ നടപടികള്‍ക്കും സുപ്രീം കോടതി സ്റ്റേ അനുവദിച്ചില്ല.പൗരത്വ നിമയ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിന് വിട്ടേക്കുമെന്ന സൂചനയും കോടതി നല്‍കി.
സ്റ്റേ വേണ്ടെന്നും നിയമം നടപ്പിലാക്കുന്നത് രണ്ടു മാസത്തേക്ക് നീട്ടണമെന്നും കപില്‍ സിബല്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. നീട്ടിവെക്കുന്നത് സ്റ്റേക്ക് തുല്യമാണെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ എജിയുടെ വാദം.
രണ്ടാഴ്ച്ചയ്ക്കകം ഹര്‍ജികളില്‍ മറുപടി നല്‍കണമെന്ന് സുപ്രീം കോടതി പറഞ്ഞപ്പോള്‍ ഇത്രയധികം ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നു അറ്റോർണി ജനറല്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് 4 ആഴ്ച്ചത്തെ സമയം കോടതി അനുവദിച്ചു.
കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയതിന് ശേഷം ഹര്‍ജികള്‍ വീണ്ടും കോടതി പരിഗണിക്കും. അന്ന് ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ ഹര്‍ജികള്‍ വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് വിടുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കണോ എന്ന് നോക്കാമെന്നും ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെക്ക് പുറമെ ജസ്റ്റിസുമാരായ അബ്ദുൽ നസീര്‍, സജ്ഞീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമം നടപ്പിലാക്കുന്നത് നീട്ടി വെക്കുക, ഹൈക്കോടതികളിലെ ഹരജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റുക എന്നീ ആവശ്യങ്ങളാണ് ഹര്‍ജിക്കാര്‍ ഇന്ന് പ്രധാനമായും കോടതിയില്‍ ഉന്നയിച്ചത്. അതേസയം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സൂട്ട് ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചിട്ടില്ല. സൂട്ട് ഹര്‍ജി പ്രത്യേകമായിട്ടാവും കോടതി പരിഗണിക്കുക.
പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഒരു ഉത്തരവും പുറപ്പെടുവിക്കരുതെന്ന് ഹൈക്കോടതികള്‍ക്ക് സുപ്രീം കോടതി കര്‍ശന നിര്‍ദ്ദേശവും നല്‍കി.