പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം:
(പരിഭാഷ ..കടപ്പാട്: Brave India News)
എന്റെ പ്രിയപ്പെട്ട സഹപൗരന്മാരേ,
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായ ദേശവ്യാപക ലോക്ഡൗണിന്റെ ഒമ്പതാം ദിവസമാണ് ഇന്ന്. ഈ കാലയളവില്‍ നിങ്ങള്‍ പ്രകടിപ്പിച്ച അച്ചടക്കവും സേവന മനോഭാവവും അനിതരസാധാരണവും ഈ രണ്ടു കാര്യങ്ങളുടെയും അര്‍ത്ഥം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ പ്രകടമാക്കുന്നതുമാണ്.
സാധ്യമാകുന്നത്ര മികവുറ്റ വിധം ഈ സ്ഥിതിവിശേഷം കൈകാര്യം ചെയ്യാന്‍ ഗവണ്മെന്റും ഭരണസംവിധാനവും പൊതുജനവും കൂട്ടായ മഹദ് പ്രയത്നത്തിലേര്‍പ്പെട്ടു. കൊറോണ വൈറസിനെതിരെ പൊരുതുന്നവര്‍ക്ക് നന്ദി അറിയിക്കാന്‍ മാര്‍ച്ച് 22നു നാം സ്വീകരിച്ച രീതി ഇന്നിപ്പോള്‍ എല്ലാ രാജ്യങ്ങള്‍ക്കും മാതൃകയായിരിക്കുന്നു. പലരും അത് ഇപ്പോള്‍ പകര്‍ത്തുകയാണ്.
അത് ജനതാ കര്ഫ്യൂവാകട്ടെ, മണികള്‍ മുഴക്കലാകട്ടെ, കൈയടിയാകട്ടെ, പാത്രങ്ങളില്‍ മുട്ടലാകട്ടെ, എല്ലാം പ്രകടമാക്കിയത് ഈ പരീക്ഷണകാലത്ത് രാജ്യത്തിന്റെ യോജിച്ച കരുത്തുതന്നെയാണ്. കൊറോണയ്ക്ക് എതിരായ യുദ്ധത്തില്‍ രാജ്യത്തിന് ഒന്നിച്ചു നില്ക്കാന് സാധിക്കും എന്ന വിശ്വാസം അത് അരക്കിട്ടുറപ്പിച്ചു. നിങ്ങളുടെയും നമ്മുടെ രാഷ്ട്രത്തിന്റെയും ഈ യോജിച്ച ഊര്‍ജ്ജം ഈ ലോക്ഡൗണ്‍ കാലത്തും ദൃശ്യമാണ്.
സുഹൃത്തുക്കളേ, ഈ രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ ഇന്ന് സ്വന്തം വീടുകളില്‍ ഒതുങ്ങിക്കഴിയുകയാണ്. സ്വന്തം നിലയില്‍ തങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന് ആരും ചോദിച്ചു പോകുന്നത് സ്വാഭാവികവുമാണ്. ഇത്ര വലിയ ഒരു യുദ്ധത്തില്‍ തങ്ങള്‍ എങ്ങനെയാണ് പോരാടേണ്ടത് എന്നതിനേക്കുറിച്ച് ചിലരുടെ വിഷമം. ഈ വിധം എത്ര ദിവസം ചെലവിടേണ്ടി വരും എന്ന് നിരവധിയാളുകള്‍ക്ക് ഉത്കണ്ഠയുണ്ട്.
സുഹൃത്തുക്കളേ, ഇത് നിശ്ചയമായും ലോക്ഡൗണ്‍ കാലമാണ്, നമ്മളില്‍ ഭൂരിഭാഗവും നമ്മുടെ വീടുകളില്‍ ഒതുങ്ങിയിരിക്കുകയാണ്; പക്ഷേ, നമ്മില്‍ ഒരാള്‍ പോലും ഒറ്റയ്ക്കല്ല. 130 കോടി ഇന്ത്യക്കാരുടെ കൂട്ടായ കരുത്ത് നാം ഓരോരുത്തര്‍ക്കും ഒപ്പമുണ്ട്, അതാണ് നാം ഓരോരുത്തരുടെയും കരുത്ത്. ഓരോ സമയവും ഈ കൂട്ടായ കരുത്തിന്റെ മഹത്വവും ഗാംഭീര്യവും ദൈവികതയും നമ്മുടെ രാജ്യവാസികള്‍ അനുഭവിക്കേണ്ടതായുണ്ട്.
സുഹൃത്തുക്കളേ. പൗരാവലിയെ ദൈവത്തിന്റെ തന്നെ സാക്ഷാത്കാരമായാണ് നമ്മുടെ രാജ്യത്ത് കണക്കാക്കപ്പെടുന്നത്. രാഷ്ട്രം ഇത്തരമൊരു വലിയ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ജനതയുടെ രൂപത്തിലാണ് ഈ കൂട്ടായ അതീതശക്തി അനുഭപ്പെടുന്നത്. ഈ അനുഭവം നമ്മുടെ ആത്മവീര്യം വര്ധിപ്പുക്കുന്നു, നമുക്കു ദിശാബോധവും വ്യക്തതയും നല്കുന്നു. പൊതുവായ ഒരു ലക്ഷ്യവും അതില്‍ എത്തിച്ചേരാനുള്ള ഊര്‍ജ്ജവും നല്കുന്നു.
സുഹൃത്തുക്കളേ, കൊറോണ പകര്‍ച്ചവ്യാധിയുടെ ഇരുട്ട് നമുക്കു ചുറ്റും പരക്കുമ്പോള്‍ നാം തുടര്‍ച്ചയായി വെളിച്ചത്തിലേക്കും പ്രതീക്ഷയിലേക്കും നീങ്ങുകതന്നെ ചെയ്യണം. നമ്മില്‍ ആരെയാണ് രോഗം കൂടുതല്‍ ബാധിച്ചത്, ആ പാവപ്പെട്ട സഹോദരീ സഹോദരന്മാരെ നിരാശയില്‍ നിന്നു പ്രതീക്ഷയിലേക്കു കൈപിടിച്ച് ഉയര്‍ത്താന്‍ നാം ശ്രമിച്ചുകൊണ്ടേയിരിക്കണം. പ്രകാശത്തിലേക്കും പ്രത്യാശയിലേക്കും നീങ്ങിക്കൊണ്ട് ഈ പ്രതിസന്ധിയുടെ ഇരുട്ടിനെയും അനിശ്ചിതത്വത്തെയും നാം അവസാനിപ്പിച്ചേ പറ്റുകയുള്ളു. എല്ലാ വശങ്ങളിലേക്കും പ്രകാശത്തിന്റെ ആനന്ദം പ്രസരിപ്പിച്ചുകൊണ്ട് ഈ പ്രതിസന്ധിയുടെ കൂരിരുട്ടിനെ നാം തോല്പ്പിക്കുകതന്നെ ചെയ്യണം.
വരുന്ന ഞായറാഴ്ച, ഏപ്രില്‍ അഞ്ചിന് നാം ഒന്നിച്ച് കൊറോണ പ്രതിസന്ധി പരത്തുന്ന ഈ ഇരുട്ടിനെ വെല്ലുവിളിക്കണം; വെളിച്ചത്തിന്റെ കരുത്ത് അറിയിക്കണം, 130 കോടി ഇന്ത്യന്‍ ജനതയുടെ അതീതശക്തിയായി നാം ഉയിര്‍ത്തെഴുന്നേല്‍ക്കണം. 130 കോടി ഇന്ത്യക്കാരുടെ അതിഗംഭീര ഇച്ഛാശക്തി എത്ര വലിയ ഉയരത്തിലും നാം പ്രകടിപ്പിക്കണം.
ഏപ്രില്‍ അഞ്ച് ഞായറാഴ്ച ഞാന്‍ നിങ്ങളെല്ലാവരോടും 9 മിനിറ്റ് ചോദിക്കുകയാണ്, രാത്രി 9 മണിക്ക്. ശ്രദ്ധിച്ചു കേള്‍ക്കുക, ഏപ്രില്‍ 5നു രാത്രി 9ന് നിങ്ങളുടെ വീട്ടിലെ എല്ലാ വെളിച്ചങ്ങളും അണയ്ക്കുക, എന്നിട്ട് ഴെുകുതിരിയോ റാന്തലോ മൊബൈല്‍ ഫോണ്‍ വെളിച്ചമോ ടോര്‍ച്ചു ലൈറ്റോ തെളിച്ചുകൊണ്ട് നിങ്ങളുടെ വാതില്‍ക്കലോ ബാല്‍ക്കണിയിലോ 9 മിനിറ്റു നില്ക്കുക. ഞാന്‍ ആവര്‍ത്തിക്കുന്നു, ഏപ്രില്‍ 5നു രാത്രി 9ന് 9 മിനിറ്റ്.
വീട്ടിലെ എല്ലാ വെളിച്ചങ്ങളും കെടുത്തി നാം എല്ലാവരും ഒരേ ദിശയില്‍ മനസ്സുറപ്പിച്ചു നില്‍ക്കുന്നത് ഒരു പ്രഭാപൂരിതമായ വേളയാണ്. നാം അപ്പോള്‍ അനുഭവിക്കുന്നത് വെളിച്ചത്തിന്റെ അതീതശക്തിയായിരിക്കും; എല്ലാവരും എന്തിനു വേണ്ടിയാണോ കൂട്ടായി പൊരുതുന്നത് ആ പൊതുവായ ലക്ഷ്യത്തിന്റെ പ്രഭാപൂരത്തിലാകും നാം. ആ വെളിച്ചത്തില്‍, ആ പ്രഭയില്‍, രശ്മികളില്‍, നാം ഒന്നാണ് എന്ന ദൃഢപ്രതിജ്ഞ മനസ്സുകളില്‍ ഉറപ്പിക്കാം; പൊതു ലക്ഷ്യത്തിനു വേണ്ടി കൂട്ടായ പ്രതിബദ്ധതയോടെ നിലകൊള്ളുന്ന 130 കോടി ഇന്ത്യക്കാരില്‍ ഒരാള്‍ പോലും ഒറ്റയ്ക്കല്ല എന്നുറപ്പിക്കാം.
സുഹൃത്തുക്കളേ, ഇതുമായി ബന്ധപ്പെട്ട് എനിക്ക് ഒരു അഭ്യര്‍ത്ഥന കൂടിയുണ്ട്. ഈ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ നമ്മിലൊരാളും ഒരിടത്തും ഒത്തുകൂടരുത്. റോഡില്‍ ഇറങ്ങിപ്പോകരുത്, നിങ്ങളുടെ പ്രദേശത്തെ തെരുവില്‍പ്പോലും ഇറങ്ങരുത്; നിങ്ങളുടെ വീടിന്റെ വാതില്‍പ്പടിയിലോ ബാല്‍ക്കണിയിലോ നില്ക്കുക. സാമൂഹിക അകലം പാലിക്കലിന്റെ ‘ലക്ഷ്മണരേഖ’ ഒരാള്‍ പോലും മറികടക്കരുത്. ഒരു സാഹചര്യത്തിലും സാമൂഹിക അകലം പാലിക്കല്‍ ലംഘിക്കരുത്. കൊറോണ രോഗാണുവിന്റെ കണ്ണി മുറിക്കാനുള്ള ഒരേയൊരു വഴി അതു മാത്രമാണ്.
ഏപ്രില്‍ 5 രാത്രി 9. കുറച്ചുസമയം ഏകാന്തതയെ ഭജിക്കുക, ഭാരത മാതാവിനെക്കുറിച്ച് ഓര്‍ക്കുക, 130 കോടി ഇന്ത്യക്കാരുടെ കൂട്ടായ ഇഛാശക്തി, 130 കോടി ഇന്ത്യന്‍ ജനതയുടെ കൂട്ടായ ശക്തി അനുഭവിച്ചറിയൂ. ഇത് നമുക്ക് ഈ പ്രതിസന്ധി ഘട്ടത്തില്‍ പോരാട്ട വീര്യവും വിജയിക്കാനുള്ള ആത്മവിശ്വാസവുമേകും.
ഇങ്ങനെ പറയപ്പെടുന്നു
ഉത്സാഹോ ബല്‍വാന്‍ ആര്യ,
നാ അസ്തി ഉത്സാഹ് പരം ബല്‍വാന്‍
സാഹ് ഉത്സാഹായ ലോകേഷു,
നാ കിന്ചിത് അപി ദുര്ലഭം
ഇത് അര്‍ത്ഥമാക്കുന്നത്, നമ്മുടെ അതിയായ താല്പര്യത്തെയും ഉല്സാഹത്തെക്കാളും വലുതായി ലോകത്ത് ഒന്നുമില്ല. ഈ കരുത്തിനാല്‍ നമുക്കു നേടിയെടുക്കാനാകാത്ത ഒന്നും ഈ ലോകത്തില്‍ ഇല്ല.വരൂ, നമുക്ക് ഒന്നിച്ചു നിന്ന് ഈ കൊറോണ വൈറസിനെ പരാജയപ്പെടുത്താം; നമുക്ക് നമ്മുടെ രാജ്യത്തെ വിജയിപ്പിക്കാം
നിങ്ങള്‍ക്ക് എല്ലാവര്ക്കും എന്റെ നന്ദി.