ന്യൂഡൽഹി: മെയ് 30ന് നടക്കുന്ന രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചടങ്ങിൽ പങ്കെടുക്കാൻ താൻ തീരുമാനിച്ചു കഴിഞ്ഞതായി മമത ബാനർജി വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസ്സിൽ നിന്നും നിരവധി പ്രവർത്തകരും നേതാക്കളും ബിജെപിയിലേക്ക് കൂട്ടമായി ചേക്കേറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ മമതയുടെ തീരുമാനം രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ പശ്ചിമ ബംഗാളിൽ നിരവധി അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ബിജെപി ദേശീയാദ്ധ്യക്ഷൻ അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലിക്ക് നേരെ നടന്ന തൃണമൂൽ അക്രമങ്ങൾ ദേശീയ തലത്തിലടക്കം ചർച്ചയായിരുന്നു. ഇരു പാർട്ടികളും സർവ്വസന്നാഹങ്ങളുമായി പരസ്പരം എറ്റുമുട്ടിയ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനത പാർട്ടി ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.