പ്രധാനമന്ത്രി ഇന്ന് ഒഡീഷയിൽ … ദുരിതബാധിത സ്ഥലങ്ങൾ സന്ദർശിക്കും :

പ്രധാനമന്ത്രി ഇന്ന് ഒഡീഷയിൽ … ദുരിതബാധിത സ്ഥലങ്ങൾ സന്ദർശിക്കും :

ഭുവനേശ്വര്‍.:ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയിൽ ഇത് വരെ 34 പേര്‍ മരിച്ചതായി സ്ഥിരീകരണം. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഒഡീഷയിലെത്തും. ബിജു പട്‌നായിക്  ഇന്റർനാഷണൽ എയര്‍പോര്‍ട്ടിൽ എത്തുന്ന പ്രധാനമന്ത്രി പ്രളയബാധിത സ്ഥലങ്ങളുടെ ആകാശ നിരീക്ഷണം നടത്തും.  തുടർന്ന്  ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുമായും സംസ്ഥാന ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. നേരത്തെ ഒഡീഷ  ഗവർണ്ണർ ഗണേശി ലാലുമായും മുഖ്യമന്ത്രി നവീൻ പട്‌നായികുമായി അദ്ദേഹം ഫോണിൽ സംസാരിച്ചിരുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂർണ്ണ പിന്തുണയാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരിക്കുന്നത്.

അതേസമയം പ്രളയബാധിതർക്ക് അരിയും പണവും മറ്റ് ആവശ്യ സാധനങ്ങളും ഉള്‍പ്പെടുന്ന ദുരിതാശ്വാസ പാക്കേജ് നല്‍കുമെന്ന് നവീൻ പട്‌നായിക് പ്രഖ്യാപിച്ചു. ഓരോ കുടുംബത്തിനും അടിയന്തിര സഹായമായി 50 കിലോ അരിയും 5000 രൂപയും നല്‍കും. ദുരിതമുണ്ടായ മറ്റിടങ്ങളില്‍ ഒരു മാസത്തെ റേഷനരി വിഹിതവും 1000 രൂപയും പൊളിത്തീന്‍ ഷീറ്റും ലഭിക്കും. അത്ര രൂക്ഷമായി ബാധിക്കാത്ത ഇടങ്ങളിലുള്ളവര്‍ക്ക് ഒരു മാസത്തെ അരി വിഹിതവും 500 രൂപയുമാണ് ലഭിക്കുക. പൂർണ്ണമായി നാശനഷ്ടം സംഭവിച്ച വീടിന് 95100 രൂപയും ഭാഗികമായി നാശനഷ്ടം സംഭവിച്ച വീടിന് 52000 രൂപയും ചെറിയ നഷ്ടം സംഭവിച്ചവയ്ക്ക് 3200 രൂപയും അടിയന്തിരമായി അനുവദിക്കും.

ഒരു കോടിയിലധികം ജനങ്ങളെ ഫോനി നേരിട്ട് ബാധിച്ചതായാണ് വിലയിരുത്തല്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ  അതിവേഗമാണ് പുരോഗമിക്കുന്നത്. ദുരിത ബാധിതര്‍ക്ക് 15 ദിവസത്തേക്ക് പാചകം ചെയ്ത ഭക്ഷണം നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 70 ശതമാനത്തോളം സ്ഥലങ്ങളിലും ശുദ്ധജലവിതരണം പുനസ്ഥാപിച്ചിട്ടുണ്ട്.