പ്രാർത്ഥനകൾ വ്യർത്ഥം ; ദേവനന്ദ ഇനി മടങ്ങിയെത്തില്ല:
കൊല്ലം ഇളവൂരിൽ കാണാതായ ആറു വയസ്സുകാരി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.വീടിന് സമീപത്തെ ഇത്തിക്കര പുഴയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാട്ടുകാരും മുങ്ങൽ വിദഗ്ധരും ചേർന്ന് പുറത്തെടുത്തു.ജലത്തിനടിയിൽ പുറത്തേക്ക് കാണാവുന്നത്ര മാത്രം ആഴത്തിലാണ് മൃതദേഹം ദൃശ്യമായത്. കുഞ്ഞിന്റെ വീട്ടിൽ നിന്നും ഏതാണ്ട് 200 മീറ്റർ മാത്രം അകലെയാണ് പുഴ.
ഇന്നലെ രാവിലെ മുതൽ പള്ളിമൺ ഗ്രാമം ഒന്നാകം തിരച്ചിലിലായിരുന്നു. ഊണും ഉറക്കവുമുപേക്ഷിച്ച് നാടൊട്ടാകെ അന്വേഷണത്തിനായി ഇറങ്ങിത്തിരിച്ചു. പോലീസിന് പൂർണ്ണ പിന്തുണ നൽകി. മാദ്ധ്യമങ്ങളും സാമൂഹിക മാദ്ധ്യമങ്ങളും തങ്ങളാൽ ആവുന്നതെല്ലാം ചെയ്തു. പക്ഷേ എല്ലാം വെറുതെയായി, ദേവനന്ദ ഇനി മടങ്ങിയെത്തില്ല.
വ്യാഴാഴ്ച കാലത്ത് പത്തു മണിയോടെയാണ് സ്വന്തം വീട്ടിൽ നിന്നും ദേവനന്ദയെ കാണാതായത്. സംഭവ സമയത്ത് കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ദേവനന്ദ ഉമ്മറത്തിരുന്ന് കളിച്ചു കൊണ്ടിരിക്കെ വീടിനു പുറകിൽ തുണി കഴുകുകയായിരുന്ന ഇവർ, കുറച്ചു നേരമായി കുട്ടിയുടെ ശബ്ദം കേൾക്കാഞ്ഞ് ചെന്ന് നോക്കുമ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞത്.