തിരുവനന്തപുരം : മന്ത്രി സഭാ അംഗങ്ങളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദിന് കാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭാ തീരുമാനിച്ചതെന്ന് ആരോപണം .പ്രധാനപ്പെട്ട ഭരണഘടനാ പദവിയായതിനാലാണ് കാബിനറ്റ് റാങ്ക് നൽകുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഈ സര്‍ക്കാര്‍ വന്നശേഷം മന്ത്രിമാര്‍ക്ക് പുറമെ കാബിനറ്റ് പദവിലഭിക്കുന്ന അഞ്ചാമത്തെയാളാണ് അഡ്വക്കേറ്റ് ജനറല്‍.
സുപ്രീം കോടതിയിലും ഹൈക്കോടതിയിലും സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന പ്രമുഖ അഭിഭാഷകരെയും, അവര്‍ക്ക് നല്‍കുന്ന പ്രതിഫലവും തീരുമാനിക്കുന്നതിനുള്ള അധികാരം എജിക്ക് നല്‍കാനുള്ള നിര്‍ദ്ദേശത്തിനെതിരെയും മന്ത്രി സഭാ യോഗത്തിൽ വലിയ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
ഓരോ വകുപ്പിന്റെയും കേസില്‍ ഏത് അഭിഭാഷകന്‍ ഹാജരാകണമെന്ന് അതാത് വകുപ്പു മന്ത്രിമാര്‍ തീരുമാനിക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് അഭിഭാഷകരെ നിശ്ചയിക്കുന്നതിനുള്ള അധികാരം ബന്ധപ്പെട്ട് വകുപ്പുകള്‍ക്കു തന്നെ നല്‍കി.എന്നാല്‍ അഭിഭാഷകരുടെ പ്രതിഫലം നിശ്ചയിക്കാനുള്ള അധികാരം എജിയ്ക്ക് നല്‍കാന്‍ ധന-നിയമ വകുപ്പുകള്‍ക്ക് സമ്മതമാണെങ്കില്‍ തനിക്കും സമ്മതമാണെന്നും പിന്നീട് ചന്ദ്രശേഖരന്‍ പറഞ്ഞു. തുടര്‍ന്നാണ് പ്രതിഫലം നിശ്ചയിക്കാനുള്ള അധികാരം എജിക്ക് നല്‍കാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചത്.
സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാനകേസുകളെല്ലാം കൈകാര്യം ചെയ്യുന്ന വ്യക്തി, മുഖ്യമന്ത്രിക്കും കാബിനറ്റിനും നിയമോപദേശം നല്‍കാനുള്ള അധികാരം ഇവയെല്ലാം ചേര്‍ന്ന ഭരണഘടനാപദവിയാണ് അഡ്വക്കേറ്റ് ജനറലിന്‍റേത്. അതിനാലാണ് കാബിനറ്റ് പദവിനല്‍കാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനമെടുത്തതെന്നും ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.കടപ്പാട്…ജനം: