മരട് ഫ്‌ളാറ്റ് വിഷയം; മൂന്ന് പേർ അറസ്റ്റിൽ:

മരട് ഫ്‌ളാറ്റ് വിഷയം; മൂന്ന് പേർ അറസ്റ്റിൽ:

മരട് ഫ്‌ളാറ്റ് നിർമാണ കേസിൽ നിർമാണ കമ്പനി ഉടമയും മുൻ പഞ്ചായത്ത് സെക്രട്ടറിയുമടക്കം മൂന്നുപേർ അറസ്റ്റിൽ. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും വഞ്ചനാക്കുറ്റവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെക്കൂടാതെ മരട് പഞ്ചായത്ത് മുൻ ക്ലർക്ക് ജയാറാമിനെയും കേസിൽ പ്രതിചേർത്തു. കേസിൽ ആദ്യമായാണ് അറസ്റ്റ് നടപടികളിലേക്ക് അന്വേഷണസംഘം കടന്നിരിക്കുന്നത്. പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി കൊച്ചിയിൽ പറഞ്ഞു.

മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്‌ളാറ്റുകൾ നിർമിച്ച കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമാണ് മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് , മുൻ ജൂനിയർ സൂപ്രണ്ട് പി.ഇ.ജോസഫ് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഹോളിഫെയ്ത്ത് നിർമാണ കമ്പനി എം.ഡി സാനി ഫ്രാൻസിസിനെ ഓഫിസിൽ എത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. ഈ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു നേരത്തെ സാനി ഫ്രാൻസിസിനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുമെന്ന സൂചന ലഭിച്ചതിനെ തുടർന്ന് സാനി ഫ്രാൻസിസിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.ഫ്‌ളാറ്റ് ഉടമകൾ ഉൾപ്പെടെ കൂടുതൽ പേരെ കേസിൽ പ്രതി ചേർക്കാനുള്ള നടപടികളും ക്രൈംബ്രാഞ്ച് തുടങ്ങിയിട്ടുണ്ട്. ഉദ്യോഗസ്ഥർ മൊഴി നൽകിയാൽ രാഷ്ട്രീയക്കാരുടെ പങ്കും അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി മാധ്യമങ്ങളോട് പ്രതികരിച്ചു.