മലയാളി പെൺകരുത്തായി “മിസൈൽ റാണി “.. മിഷൻ ദിവ്യാസ്ത്രക്ക് പിന്നിലെ ബുദ്ധി കേന്ദ്രം ഷീന റാണി:
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഗ്നി 5 മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ വിവരം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചിരുന്നു. ദിവ്യാസ്ത്ര എന്ന പേരിട്ട ദൗത്യം ആത്മനിർഭർ ഭാരതത്തിലേക്കുള്ള വലിയൊരു ചുവടുവയ്പ്പായിരുന്നു. ഒന്നിലേറെ പോർമുനകളുള്ള അഗ്നി – 5 മിസൈൽ ഭാരതത്തിന്റെ അഭിമാനമായപ്പോൾ മലയാളിയായ ഷീന റാണിയും രാജ്യത്തിന്റെ.. അതിലുപരി കേരളത്തിന്റെയും അഭിമാനമായി മാറിയിരിക്കുകയാണ്.
ഡിഫൻസ് റിസർച്ച് ഡെവലപ്പ്മെന്റ് ഓർഗനൈസേഷന്റെ (ഡി.ആർ.ഡി.ഒ) കീഴിലുള്ള അഡ്വാൻസ് സിസ്റ്റംസ് ലബോറട്ടറിയിലെ (എ.എസ്.എൽ) പ്രോഗ്രാം ഡയറക്ടറാണ് ഈ തിരുവനന്തപുരത്തുകാരി. 1999 മുതലാണ് ഷീനാ റാണി “അഗ്നി” ദൗത്യത്തിന്റെ ഭാഗമായത്. ഷീനയുൾപ്പെടെയുള്ള പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ കഠിന പ്രയത്നം കൊണ്ടാണ് അഗ്നിയുടെ വിവിധ പതിപ്പുകൾ ഭാരതത്തിന്റെ പ്രതിരോധ സേനയുടെ ഭാഗമായത്. എ.എസ്.എല്ലിൽ എനർജിയുടെ പവർ ഹൗസെന്നാണ് ഷീന അറിയപ്പെട്ടിരുന്നത്.
തിരുവനന്തപുരത്തെ കോളേജ് ഓഫ് എൻജിനീയറിംഗിൽ പഠനം. വിക്രം സാരാഭായ് സ്പേസ് സെന്ററിൽ എട്ട് വർഷത്തോളം സേവനമനുഷ്ടിച്ച അവർ 1999ൽ പൊഖ്രാനിൽ നടന്ന ആണവായുധ പരീക്ഷണങ്ങൾക്ക് ശേഷം ഡി.ആർ.ഡി.ഒയുടെ ഭാഗമായി. 2016ലെ സയന്റിസ്റ്റ് ഓഫ് ദി ഇയർ ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ ഷീനയെ തേടിയെത്തിയിട്ടുണ്ട്.
ഡി.ആർ.ഡി.ഒയിലെ മിസൈൽ വിഭാഗത്തിൽ പ്രവർത്തിച്ച പി.എസ്.ആർ.എസ് ശാസ്ത്രിയാണ് ഷീനയുടെ ജീവിത പങ്കാളി. 2019ൽ ഐഎസ്ആർഒ വിക്ഷേപിച്ച കൗടില്യ ഉപഗ്രഹത്തിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. ഇലക്ട്രോണിക് ഇന്റലിജൻസ് ശേഖരിക്കാൻ ഉപയോഗപ്രദമായ ഉപഗ്രഹമായിരുന്നു കൗടില്യ.
മിസൈൽ മാനെന്ന് ലോകം തന്നെ ആദരിക്കുന്ന എപിജെ അബ്ദുൾ കലാമാണ് തന്റെ പ്രചോദനമെന്ന് ഷീന പറയുന്നു.മിസൈൽ ടെക്നോളജിസ്റ്റ് ആയ ടെസി തോമസ് ആയിരുന്നു എന്നും തന്റെ മാതൃകയെന്നും അവർ പറയുന്നു.courtesy… News Desk Kaladwani News. 8921945001.