മുഖ്യമന്ത്രിയുടെ നയം ഫെഡറൽ തത്വങ്ങളുടെ ലംഘനം; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ:
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രം തുക ചെലവഴിച്ച് നടത്തിയ പദ്ധതിയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിമാരെ പങ്കെടുപ്പിക്കാതിരിക്കുന്ന സർക്കാർ നടപടിക്കെതിരെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര നിർദ്ദേശം പോലും അംഗീകരിക്കാൻ തയ്യാറാകാതെയാണ് പിണറായി പ്രവർത്തിക്കുന്നതെന്ന് സരേന്ദ്രൻ വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മഞ്ചേശ്വരം, കൊയിലാണ്ടി ഹാർബ്ബറുകളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നടത്തുകയാണ്. മഞ്ചേശ്വരത്ത് 75 ശതമാനം തുകയും കൊയിലാണ്ടിയിൽ 50 ശതമാനം തുകയും കേന്ദ്രം ചെലവഴിച്ചതാണ്. പ്രധാനമന്ത്രി മൽസ്യ സമ്പദ് യോജനയുടെ രാജ്യത്തെ ഏറ്റവും വലിയ ഗുണഭോക്താവ് കേരളമാണ്. എന്നിട്ടും ഈ ഉദ്ഘാടനപരിപാടിയിൽ കേന്ദ്രമന്ത്രിമാരായ ശ്രീ. വി. മുരളീധരനെയും ശ്രീ. സഞ്ജയ് ബല്യനേയും പങ്കെടുപ്പിക്കണമെന്ന കേന്ദ്രനിർദ്ദേശം കേരളം അംഗീകരിക്കാൻ തയ്യാറായില്ല. ഫെഡറൽ തത്വങ്ങളുടെ ലംഘനമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തികച്ചും പ്രതിഷേധാർഹമായ നടപടിയാണിത്. തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ഇത്തരം നീക്കങ്ങൾ കേരളത്തിന് ഗുണകരമല്ല. ഈ ഏറ്റുമുട്ടൽ നയം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.