മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയുമായും കൂടിക്കാഴ്ച്ച നടത്തി. വിവിധ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനവും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിക്കും നൽകി.രാവിലെ പത്ത് മണിയോടെ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് പിണറായി വിജയൻ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.പ്രളയ പുനരധിവാസത്തിനും, മഴക്കെടുതിക്കും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് കൂടുതൽ സഹായം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടാതെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിന് നൽകുന്നതിനെക്കുറിച്ചും ചർച്ച നടന്നു.

തുടർന്ന് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരിയുമായി ചർച്ച നടത്തി. കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകുമെന്നും കേരളത്തോട് വിവേചനം കാണിക്കില്ലെന്നും കൂടിക്കാഴ്ചക്ക് ശേഷം ഗഡ്‌കരി പറഞ്ഞു.

രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ജൂലായ് അഞ്ചിന് നടക്കാനിരിക്കെ കേരളത്തിന്റെ ആവശ്യങ്ങൾ മുഖ്യമന്ത്രി കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.