ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. റോഡുകളിലെ നിയമലംഘനത്തിന് കര്‍ശന നടപടികള്‍ നിര്‍ദ്ദേശിക്കുന്ന മോട്ടോര്‍ വാഹന ബില്ലാണ് രാജ്യസഭ പാസാക്കിയത്. ബില്‍ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ 108 പേര്‍ പിന്തുണച്ചു 13 പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
വാഹനാപകടങ്ങള്‍ തടയാന്‍ കര്‍ശന വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 5000 രൂപ പിഴ നല്‍കേണ്ടിവരും. പ്രായമാകാത്തവര്‍ വാഹനം ഓടിച്ച് അപകടം ഉണ്ടായാല്‍ രക്ഷിതാക്കള്‍ക്ക് 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപയും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും ലഭ്യമാക്കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്.
ഇത് കേവലം ഒരു മോട്ടോര്‍ വാഹന ഭേദഗതി ബില്ലായി കാണുന്നില്ലന്ന് കേന്ദ്ര-ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി പറഞ്ഞു. ഇത് അപകടങ്ങളില്‍ കുറവുണ്ടാക്കുമെന്ന് വിശ്വസിക്കുന്നു. ഈ ബില്‍ പാസാക്കുന്നത് അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള ആദരാഞ്ജലിയാണെന്നും അദ്ദേഹം പറഞ്ഞു.