മോദിയുടെ യാത്രയ്‌ക്കായി വ്യോമപാത തുറക്കാമെന്ന് പാകിസ്ഥാൻ, വേണ്ടെന്ന് വിദേശകാര്യമന്ത്രാലയം:

മോദിയുടെ യാത്രയ്‌ക്കായി വ്യോമപാത തുറക്കാമെന്ന് പാകിസ്ഥാൻ, വേണ്ടെന്ന് വിദേശകാര്യമന്ത്രാലയം:

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാകിസ്ഥാന് മുകളിലൂടെയുള്ള വിമാനയാത്ര ഒഴിവാക്കി വിദേശകാര്യമന്ത്രാലയം. ഷാംഗ്ഹായ് കോഓപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കായി കിർഗിസ്ഥാനിലെ ബിഷ്‌കെക്കിലേയ്‌ക്ക്, പാകിസ്ഥാന് മുകളിലൂടെയുള്ള യാത്രയാണ് വിദേശകാര്യമന്ത്രാലയം വേണ്ടെന്ന് വച്ചത്. മോദിയുടെ യാത്രയ്‌ക്കായി പാക് വ്യോമപാത തുറക്കാമെന്ന് പാകിസ്‌താൻ കഴിഞ്ഞ ദിവസം അറിയിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ തീരുമാനം.

ബാലാക്കോട്ടിലെ ഭീകരക്യാംപുകൾക്ക് നേരെ ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തെ തുടർന്ന് 11 വ്യോമപാതകളിൽ ഒമ്പതെണ്ണവും പാകിസ്ഥാൻ അടച്ചിരുന്നു. മോദിയുടെ യാത്രയ്ക്ക് പാകിസ്‌താന്റെ വ്യോമപാത ഉപയോഗിക്കുന്നതിന് ഇന്ത്യയുടെ ആവശ്യപ്രകാരം ‘തത്വത്തിൽ അനുമതി നൽകിയ’തായി കഴിഞ്ഞ ദിവസം പാകിസ്‌താൻ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് വിദേശകാര്യമന്ത്രാലയം ഈ തീരുമാനം മാറ്റുകയായിരുന്നു. പാകിസ്‌താന് മുകളിലൂടെ പറക്കുന്നതിനു പകരം ഒമാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമപാത ഉപയോഗിക്കാനാണ് ഇപ്പോഴുള്ള തീരുമാനം.