തിരുവനന്തപുരം: മോദി അനുകൂല നിലപാടില്‍ കെപിസിസിയ്ക്ക് വിശദീകരണം നല്‍കി ശശിതരൂര്‍. മോദി ചെയ്ത നല്ല കാര്യങ്ങള്‍ നല്ലതെന്ന് മാത്രമാണ് താന്‍ പറഞ്ഞത്. തന്നെ മോദി ആരാധകനാക്കാനുള്ള ഗൂഢാലോചന നീക്കം പാര്‍ട്ടിയില്‍ സജീവമാകുന്നുവെന്നും വിശദീകരണക്കുറിപ്പില്‍ ശശി തരൂര്‍ വ്യക്തമാക്കി.
എല്ലാ കാര്യങ്ങളിലും മോദിയെ എതിര്‍ക്കുന്നത് ഗുണം ചെയ്യില്ലെന്ന ജയറാം രമേശിന്റെ പ്രസ്താവനയെ തരൂര്‍ പിന്തുണച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരേ പ്രതിപക്ഷ നേതാവ് ചെന്നിത്തല, കെ മുരളീധരന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ രംഗത്തെത്തി. സംഭവം വിവാദമായതിന് പിന്നാലെയാണ് മോദിക്ക് അനുകൂലമായ നിലപാടെടുക്കാനുള്ള കാരണമെന്താണെന്നും അത് പാര്‍ട്ടി ഫോറത്തില്‍ പറയാതെ പരസ്യമാക്കിയത് എന്തുകൊണ്ടാണെന്നും വിശദീകരിക്കാന്‍ കെപിസിസി തരൂരിനോട് ആവശ്യപ്പെട്ടത്.
മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന വിശദീകരണമാണ് ശശിതരൂര്‍ കെപിസിസിയ്ക്ക് നല്‍കിയത്. താന്‍ വിമര്‍ശിച്ചതിന്റെ പത്ത് ശതമാനം പോലും കേരളത്തിലെ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ വിമര്‍ശിച്ചിട്ടില്ല.
ക്രിയാത്മക വിമര്‍ശനം ഇനിയും തുടരുമെന്നും വിശദീകരണകുറിപ്പില്‍ തരൂര്‍ പറയുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ തുടര്‍ച്ചയായുള്ള വിമശനത്തോടുള്ള അതൃപ്തിയും തരൂര്‍ രേഖപ്പെടുത്തി. തരൂരിനെ വിമര്‍ശിച്ച് നേതാക്കള്‍ രംഗത്തെത്തിയെങ്കിലും നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും തന്നെ ആരും പാഠം പഠിപ്പിക്കേണ്ടതില്ലെന്നും തരൂര്‍ ആവര്‍ത്തിച്ചതാണ് കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്.(kadappaad.janam)