ന്യൂഡൽഹി : ഇന്ത്യയിൽ ഇതുവരെ 155 ഓളം ഐ എസ് ഭീകരന്മാരെയും, അനുഭാവികളെയും തിരിച്ചറിയുകയും ,അറസ്റ്റ് ചെയ്യുകയും ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം . അറസ്റ്റിലായവരിൽ ഐ എസിന്റെ ഉപ സംഘടനയിൽപ്പെട്ടവരുമുണ്ടെന്നും ,രാജ്യത്ത് പലയിടങ്ങളിലും ഇവർ ഭീകരാക്രമണം ആസൂത്രണം ചെയ്തിരുന്നതായും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി .
ലോക്സഭാ സമ്മേളനത്തിൽ ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡിയാണ് 2016 മുതൽ 2019 വരെയുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങൾ നൽകിയത് . കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഐ എസിൽ ചേരാനായി യുവാക്കൾ പോയിട്ടുണ്ട് .ഇതു സംബന്ധിച്ച് കേന്ദ്ര ,സംസ്ഥാന ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട് . കേരളത്തിൽ നിന്ന് ഐ എസിൽ ചേരാനായി പോയ യുവാക്കൾ അഫ്ഗാനിൽ വച്ച് അമേരിക്കൻ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് സർക്കാർ ഗൗരവമായാണ് കാണുന്നത് . അതുകൊണ്ട് തന്നെ കേരളം ദേശീയ അന്വേഷണ വിഭാഗത്തിന്റെ പ്രത്യേക അന്വേഷണ വലയത്തിലാണ് .
ഇസ്ലാമിക് സ്റ്റേറ്റ് , ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവന്റ് , ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ എന്നിവയും ഇന്ത്യ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഭീകര സംഘടനകളാണ് . സമൂഹ മാദ്ധ്യമങ്ങളാണ് പ്രധാനമായും ഈ ഭീകര സംഘങ്ങളുടെ ആശയ വിനിമയ മാർഗങ്ങൾ . യുവാക്കളെ ആകർഷിക്കാനും മറ്റുമായി വലിയ തോതിൽ അവർ ഇത്തരം സമൂഹ മാദ്ധ്യമങ്ങളെ ഉപയോഗിക്കുന്നുണ്ട് .രാജ്യത്തെ അന്വേഷണ വിഭാഗങ്ങൾ സമൂഹ മാദ്ധ്യമങ്ങളടക്കം കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും കിഷൻ റെഡ്ഡി പറഞ്ഞു .കടപ്പാട്: ജനം