വനിതാ സ്ഥാനാർത്ഥിയുടെ കാൽ തൊട്ട് വന്ദിച്ച് പ്രധാനമന്ത്രി : സ്നേഹാധിക്യത്തിൽ സദസ്സ്:
പാലക്കാട് : എൻഡിഎ വനിതാ സ്ഥാനാർത്ഥിയുടെ കാല് തൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ കാൽ തൊട്ട് വന്ദിച്ച മണ്ണാർക്കാട് സ്ഥാനാർത്ഥി പി. നസീമയുടെ കാലാണ് പ്രധാനമന്ത്രി തിരിച്ച് തൊട്ട് വന്ദിച്ചത്. പാലക്കാട് കോട്ട മൈതാനിയിലെ പൊതുപരിപാടിക്കിടെയായിരുന്നു സംഭവം.
പാലക്കാട് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സ്ഥാനാർത്ഥിയായ നസീമ നരേന്ദ്ര മോദിയുടെ അടുത്തെത്തിയത്. തുടർന്ന് ഇവർ മോദിയെ വണങ്ങിയ ശേഷം അദ്ദേഹത്തിന്റെ കാലിൽ തൊട്ട് വന്ദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നരേന്ദ്ര മോദിയും നസീമയുടെ കാലിൽ തൊട്ട് വന്ദിച്ചത്. അമ്പരപ്പോടെയാണ് വേദിയിലും സദസ്സിലുമുള്ളവർ ഇത് നോക്കിക്കണ്ടത്. എൻഡിഎ മുന്നണിയിൽ മത്സരിക്കുന്ന ഏക മുസ്ലീം വനിത കൂടിയാണ് പി. നസീമ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രിയെ ഇരു കൈകളും കൂപ്പിക്കൊണ്ടാണ് ജനങ്ങൾ വരവേറ്റത്. കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്ന എൽഡിഎഫ്, യുഡിഎഫ് പാർട്ടികളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. യൂദാസ് യേശുവിനെ നാല് വെള്ളിക്കാശിന് ഒറ്റുകൊടുത്തത് പോലെ ഏതാനും സ്വർണക്കട്ടകൾക്ക് വേണ്ടി എൽഡിഎഫ് കേരളത്തെ ഒറ്റു കൊടുത്തെന്നും സൂര്യരശ്മികളെപ്പോലും വിൽക്കുകയാണ് യുഡിഎഫ് ചെയ്തതെന്നും പ്രധാനമന്ത്രി വിമർശിച്ചു.