ന്യുമോണിയ ബാധിച്ചു മരിച്ച ദിയമോളുടെ അമ്മ രമ്യയെ കുറിച്ചുള്ള വാർത്ത..അതാണിവിടെ വിഷയമാകുന്നത്. ചില വാർത്തകൾ കാണുമ്പോൾ,വായിക്കുമ്പോൾ തന്നെ അറിയാം മാധ്യമ സൃഷ്ടിയാണെന്ന്…വാസ്തവ വിരുദ്ധമാണെന്ന്…അതിലൊന്നായിരുന്നു ദിയമോളുടെ അമ്മ രമ്യയെ കുറിച്ചുള്ള വാർത്ത..?
ഒരമ്മയുടെ ശകാരങ്ങൾക്ക് ..തല്ലുകൾക്ക്…. കരുതലിന്റെ ,സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ ഒക്കെ മതിവരാത്ത അമ്മക്കഥകൾ പറയാനുണ്ടാകും.ഇവിടെയും അതാണ് സംഭവിച്ചത്.രോഗബാധിതയായി ഭക്ഷണം കഴിക്കാതിരുന്ന കുഞ്ഞിനെ വടിയെടുത്ത് ആ അമ്മ തല്ലിയത് പകയോ വൈരാഗ്യമോ കൊണ്ടായിരുന്നില്ല.മറിച്ച് അസുഖത്തിന്റെയും മരുന്നുകളുടെയും തളർച്ചയ്ക്കിടെ ഭക്ഷണം കൂടി കഴിക്കാതിരുന്നാൽ ഉണ്ടായേക്കാവുന്ന അപകടത്തെ കുറിച്ചുള്ള ആകുലത…. അതാണ് കാരണമായിരുന്നത്.ഒരമ്മയുടെ അമിതമായ ഉത്കണ്ഠയും പേടിയും മൂല മുണ്ടായ മാനസികവ്യാപാരം മാത്രമായിരുന്നു ആ തല്ലുകൾ.അത് മാധ്യമങ്ങൾ തിരിച്ചറിയേണ്ടതായിരുന്നു. കുഞ്ഞ് മരിച്ച വാർത്തയറിഞ്ഞു അബോധാവസ്ഥയിലായ മാതാവ് സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല ഇവിടത്തെ മാധ്യമങ്ങൾക്ക് താനും തന്റെ പൊന്നോമനയുടെ മരണവും കാണാക്കഥകളുടെ ചാകരയ്ക്ക് ഇരയാകേണ്ടി വരുമെന്ന സത്യം.ഒരമ്മയുടെ മാതൃത്വമാണിവിടെ ചവിട്ടിയരയ്ക്കപ്പെട്ടത്…സമൂഹത്തിനു മുന്നിൽ നിന്ദ്യയാക്കപ്പെട്ടത്.കുറച്ച് നേരത്തേയ്ക്കെങ്കിലും ആ ‘അമ്മ അനുഭവിച്ച മാനസിക വ്യഥയ്ക്ക് കാരണം മാധ്യമങ്ങൾ തന്നെയല്ലേ..?ഇവിടെ പോസ്റ്റ് മാർട്ടം റിപ്പോർട്ട് വൈകാതിരുന്നതിനാൽ സത്യം നേരത്തെ പുറത്ത് വരാനിടയായി തുടർന്ന് മാധ്യമങ്ങളുടെ കുമ്പസാരവും നടന്നു.അത് ഒരുപക്ഷെ ആ അമ്മയുടെ സൽക്കർമ്മങ്ങളുടെ ഫലമായിരിക്കാം.
മാധ്യമങ്ങള്‍ക്ക് ഇന്ന് വേണ്ടത് കുത്തഴിഞ്ഞ മസാലക്കഥകളും അതുവഴിയുള്ള റേറ്റിങ്ങും മാത്രമാണ്. കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ തന്നെ കയറെടുക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രവൃത്തി മൂലം മാനാഭിമാനങ്ങള്‍ അടിയറവുവച്ച എത്രയോ മനുഷ്യരും കുടുംബങ്ങളും ഉണ്ടെന്നറിയുമോ..? വളച്ചൊടിക്കപ്പെടുന്ന വാര്‍ത്തകള്‍ക്കിടയിൽ ഒരുപാട് നിരപരാധികളുടെ കണ്ണീരുണ്ടെന്നു നിങ്ങൾക്കറിയുമോ…?