വാളയാര്‍ കേസില്‍ ഗുരുതര വീഴ്‌ച്ച സംഭവിച്ചു; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തുമെന്ന് ദേശീയ പട്ടിക ജാതി കമ്മീഷൻ:

വാളയാര്‍ കേസില്‍ ഗുരുതര വീഴ്‌ച്ച സംഭവിച്ചു; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തുമെന്ന് ദേശീയ പട്ടിക ജാതി കമ്മീഷൻ:

പാലക്കാട് : വാളയാര്‍ കേസില്‍ ഗുരുതര വീഴ്‌ച്ച സംഭവിച്ചുവെന്നു ദേശീയ പട്ടികജാതി കമ്മീഷൻ ഉപാധ്യക്ഷൻ എൽ മുരുകൻ. വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദ‌ർശിച്ച ശേഷമായിരുന്നു പ്രതികരണം. ആദ്യഘട്ടം മുതൽ വാളയാ‌ർ കേസ് പ്രോസിക്യൂഷനും അന്വേഷണ ഉദ്യോ​ഗസ്ഥരും അട്ടിമറിച്ചു. കേസില്‍ ശരിയായി അന്വേഷണം നടത്താനോ സാക്ഷികളെ വേണ്ടവിധം വിസ്തരിക്കാനോ ശ്രമം നടന്നിട്ടില്ല. ഇക്കാര്യം സാക്ഷികള്‍ തന്നെ കമ്മിഷനോടു പറഞ്ഞു. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്നാണ് കുട്ടികളുടെ അമ്മ തന്നെ പറയുന്നത്. ഈ സാഹചര്യത്തിലാണ് കമ്മിഷന്‍ ഇതില്‍ ഇടപെടുന്നത്. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കമ്മീഷന്റെ ഡൽഹി ഓഫീസിലെത്താൻ ആവശ്യപ്പെടും. കേസുമായി ബന്ധപ്പെട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയക്കുമെന്നും അതിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വാളയാർ കേസിന്റെ അന്വേഷണത്തിൽ വീഴ്ച്ച സംഭവിച്ചെന്നും പ്രതികളെ രക്ഷിക്കാൻ ശ്രമം നടത്തിയെന്നും ചൂണ്ടികാട്ടി പാലക്കാട് സ്വദേശി വിപിൻ കൃഷ്ണനും അതോടൊപ്പം തന്നെ കേസ് സിബിഐ ക്ക് കൈമാറി പുനരന്വേഷിക്കണമെന്നും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു ബിജെപി പട്ടിക ജാതി മോർച്ചയും പരാതി നൽകിയിരുന്നു.