തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് വോട്ടിംഗ് മെഷീനിൽ പിഴവുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാംമീണ. ഇത്തരം വ്യാജ പ്രചാരണം നേതാക്കൾ നടത്തരുത്. ജനങ്ങളെ ആശങ്കയില്ലാതെ വോട്ട് ചെയ്യാൻ അനുവദിക്കണമെന്നും ടീക്കാറാം മീണ ജനംടിവിയോട് പറഞ്ഞു.
പ്രാചാരണങ്ങൾ വ്യാജമാണെന്ന് തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ കെ വാസുകി നേരത്തെ പ്രതികരിച്ചിരുന്നു. വോട്ടിംഗ് യന്ത്രത്തിൽ തിരിമറി സാധ്യമല്ലെന്നും ചെയ്യുന്ന വോട്ടുകളെല്ലാം ബിജെപിയ്ക്ക് പോകുന്നുവെന്ന വാർത്ത ശരിയല്ലെന്നും കളക്ടർ പറഞ്ഞു.
കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പർ ബൂത്തിൽ വോട്ടിങ് യന്ത്രത്തിൽ ഗുരുതര പിഴവുണ്ടായെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ബൂത്തിൽ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കളക്ടർ അറിയിച്ചു.
നേരത്തെ വോട്ടിംഗ് യന്ത്രത്തിൽ പിഴവുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടറുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും പ്രതികരണം
വ്യാജ വാർത്തകൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഫേസ്ബുക്കിലൂടെയാണ് കളക്ടർ പ്രതികരിച്ചത്.news courtesy janam tv