തിരുവനന്തപുരം: വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കേരളാ പോലീസിനും സ്പെഷ്യല്‍ ബ്രാഞ്ചിനും പ്രവേശനമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. കേന്ദ്ര സേനക്ക് മാത്രമായിരിക്കും പ്രവേശനമുണ്ടാകുക. കൗണ്ടിംഗ് സ്റ്റേഷനു പുറത്ത് സുരക്ഷാ ചുമതല കേരള ആംഡ് പോലീസിനും അതിനു പുറത്തുള്ള സുരക്ഷാ ചുമതല കേരളാ പോലീസിനുമാണ്. സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും നറുക്കെടുപ്പിലൂടെ 5 ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ കര്‍ശനമായി എണ്ണുമെന്നും ടിക്കാറാം മീണ പറഞ്ഞു. ഒരു സമയത്ത് സ്ട്രോംഗ് റൂമില്‍ നിന്ന് ഒരു ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം മാത്രമേ കൗണ്ടിംഗ് ടേബിളിലേക്ക് കൊണ്ടുവരുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. രാത്രി 8 മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തീകരിക്കാമെന്നാണ് പ്രതീക്ഷയെന്നും ടിക്കാറാം മീണ പറഞ്ഞു.
140 അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മാരെ നിയോഗിച്ചതായി ടിക്കാറാം മീണ അറിയിച്ചു. ഇത് ഫലപ്രഖ്യാപനം വേഗത്തിലാക്കാന്‍ സഹായിക്കുമെന്നും മീണ പറഞ്ഞു. മോക്ക് പോളിംഗ് ഡാറ്റ നീക്കാത്ത ഇവിഎമ്മുകള്‍ അവസാനമേ എണ്ണുകയുള്ളൂ. 7 വോട്ടിംഗ് മെഷീനുകളിലാണ് മോക്ക് പോളിംഗ് ഡാറ്റ നീക്കാതിരുന്നത്.