തിരുവനന്തപുരം : കേരളാ തീരത്ത് അതി ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊളഴിലാളികള് കടലില്‍ പോകരുതെന്നും കേന്ദ്രം മുന്നറിയിപ്പു നല്കി.
സമുദ്ര ഭാഗങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുണ്ട് . കേരള തീരത്ത് തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ രാത്രി 11 30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരങ്ങളില്‍ തിരമാലകള്‍ 3.7 മുതല്‍ 4.3 വരെ ഉയരാനാണ് സാധ്യത.
താഴെ പറയുന്ന സമുദ്രപ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനായി പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം നിര്‍ദ്ദേശിക്കുന്നു
ജൂലൈ 21 മുതല്‍ ജൂലൈ 22 വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനിടയുള്ള കേരള, കര്‍ണാടക ,തെക്ക് തമിഴ്നാട് ,ലക്ഷദ്വീപ് തീരങ്ങള്‍.
ജൂലൈ 21 മുതല്‍ ജൂലൈ 25 വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനിടയുള്ള തെക്ക്-പടിഞ്ഞാറന്‍ അറബിക്കടല്‍ ചേര്‍ന്നുള്ള മധ്യ അറബിക്കടല്‍.
ജൂലൈ 21 തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനിടയുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ .
അടുത്ത 24 മണിക്കൂറില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 4 മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്
വെള്ളിയാഴ്ച കൊല്ലം നീണ്ടകരയില്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികളുടെ ബോട്ട് മറിഞ്ഞ് മൂന്ന് പേരെ കാണാതായിരുന്നു. ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റു രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.(കടപ്പാട്: ജനം)