ശ്രീലങ്കയിലെ സ്ഫോടന പരമ്പര; കാസർകോടിന് പിന്നാലെ പാലക്കാടും എൻഐഎ റെയ്ഡ്; ഒരാളെ കസ്റ്റഡിയിലെടുത്തു:

ശ്രീലങ്കയിലെ സ്ഫോടന പരമ്പര; കാസർകോടിന് പിന്നാലെ പാലക്കാടും എൻഐഎ റെയ്ഡ്; ഒരാളെ കസ്റ്റഡിയിലെടുത്തു:

ശ്രീലങ്കൻ സ്ഫോടന പരമ്പരയുടെ വേരുകൾ കേരളത്തിലേക്കും നീളുന്നു. കാസർകോടിന് പിന്നാലെ പാലക്കാടും എൻഐഎ റെയ്ഡ് നടത്തി. കൊല്ലങ്കോട് ഒരു വീട്ടിൽ ഇന്ന് രാവിലെ റെയ്‍ഡ് നടത്തിയ എൻഐഎ സംഘം ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലേക്ക് കൊണ്ടുപോയി.കാസർകോട് റെയ്ഡിനിടെ ഇന്ന് ചോദ്യം ചെയ്ത വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അരാഫത്ത് എന്നിവർക്ക് വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. നാളെ കൊച്ചി എൻഐഎ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരിക്കുന്നത്.ശ്രീലങ്ക സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ കൊല്ലപ്പെട്ട  സഹ്‌റാന്‍ ഹാഷിം പലതവണ കേരളത്തിലും എത്തിയിരുന്നതായി ശ്രീലങ്കന്‍ മാദ്ധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തു. തീവ്രമത പ്രാസംഗികനായ ഇയാള്‍ തമിഴ്നാട്ടിലും കേരളത്തിലും സ്ഥിരമായി വന്നു പോകാറുണ്ടെന്നാണ് ഡെയ് ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തത്.സഹ്‌റാന്‍ ഹാഷിമിന്റെ  ആശയങ്ങളില്‍ ആകൃഷ്ടരായ കാസർകോട് സ്വദേശികളായ  അബൂബക്കര്‍ സിദ്ദിഖും അഹമ്മദ് അരാഫത്തും ഇയാളുടെ പ്രസംഗങ്ങള്‍ പതിവായി കേള്‍ക്കാറുണ്ടായിരുന്നു. ഹാഷിമുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നോ എന്ന കാര്യം എന്‍ഐഎ പരിശോധിച്ച് വരികയാണ്. ഇവരുടെ മൊബൈല്‍ ഫോണുകളും എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്