തിരുവന്തപുരം: സംസ്ഥാനത്ത് മഴക്കെടുതില്‍ മരിച്ചവരുടെ എണ്ണം 60 ആയി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചിരിക്കുന്നത്.19 പേരുടെ ജീവനാണ് മഴക്കെടുതിയില്‍ മലപ്പുറത്ത് മാത്രം പൊലിഞ്ഞത്. കോഴിക്കോട് 14, വയനാട് 10, കണ്ണൂര്‍ 5, ഇടുക്കി 4, തൃശ്ശൂര്‍ 3 ആലപ്പുഴ 2 എന്നിങ്ങനെയാണ് ഓരോ ജില്ലയിലേയും മരണ സംഖ്യ.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. സംസ്ഥാനത്തൊട്ടാകെ 1318 ദുരിതാശ്വാസ ക്യാമ്പുകളിലായി 46,400 കുടുംബങ്ങളിലെ 1,65,519 പേരാണ് കഴിയുന്നത്.
ശക്തമായ മഴയിലും കാറ്റിലും മലവെള്ളപാച്ചിലും വെള്ളക്കെട്ടിലും പെട്ട് സംസ്ഥാനത്താകെ 198 വീടുകള്‍ പൂര്‍ണ്ണമായും 2303 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു
സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിശദീകരണം. കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്നും റെഡ് അലേര്‍ട്ടാണ്.എറണാകുളം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആയിരിക്കും. തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയില്ല.തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.എന്നാല്‍ കേരളത്തില്‍ ഇത് മൂലം മഴ ശക്തമാകില്ലെന്നാണ് വിലയിരുത്തല്‍ എന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.(കടപ്പാട്..ജനം)