ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പതിനേഴാം ലോക്‌സഭയിലേക്കുള്ള അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനുള്ള തയാറെടുപ്പുകളാണ് ഇവിടെ ആരംഭിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞയുടെ തിയതി അന്തിമ ഫലപ്രഖ്യാപനത്തിന് ശേഷംമാത്രമേ തീരുമാനിക്കു. അധികാരത്തിലെത്തുന്ന മുന്നണിയുടെ തീരുമാനപ്രകാരമായിരിക്കും ഇത്. നിലവില്‍ വിളിക്കേണ്ട അതിഥികളുടെ പട്ടിക തയാറാക്കുന്നതുള്‍പ്പെടെയുള്ള പ്രാഥമിക നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.
പുതിയ അംഗങ്ങളെ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി സെക്രട്ടറി ജനറല്‍ സ്‌നേഹലത ശ്രീവാസ്തവ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പുതിയ എംപിമാരെ ജന്‍പഥ് റോഡിലെ വെസ്‌റ്റേണ്‍ കോര്‍ട്ടിലും വിവിധ സംസ്ഥാന ഭവനുകളിലും താമസിപ്പിക്കും. എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ മുന്നൂറോളം മുറികള്‍ എംപിമാര്‍ക്കായി സജ്ജമാക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.