സഹകരണ ബാങ്കുകളിലെ ജൻധൻ അക്കൗണ്ട് വിവരങ്ങൾ കേന്ദ്ര സർക്കാരിന് കൈമാറിയില്ല; രണ്ട് ലക്ഷത്തോളം സ്ത്രീകൾക്ക് കേന്ദ്ര സ൪ക്കാ൪ അനുവദിച്ച പണം ലഭ്യമായില്ല : കെ സുരേന്ദ്രൻ:
തിരുവനന്തപുരം : സഹകരണ ബാങ്കുകളിൽ ജൻധൻ അക്കൗണ്ട് എടുത്തവർക്ക് കേന്ദ്ര സർക്കാർ അനുവദിച്ച പണം ലഭിച്ചില്ല. രണ്ട് ലക്ഷത്തോളം വരുന്ന സ്ത്രീകൾക്കാണ് ആദ്യ ഗഡു നഷ്ടമായത്. സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകൾ സംബന്ധിച്ച വിവരം കേന്ദ്ര സർക്കാരിന് കൈമാറാത്തതാണ് പണം നഷ്ടപ്പെടാൻ കാരണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിൽ സംസ്ഥാന സർക്കാർ കുറ്റകരമായ അനാസ്ഥ കാട്ടുന്നതായും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ജൻധൻ അക്കൗണ്ടുകൾ വഴി രാജ്യത്തെ സ്ത്രീകൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച അഞ്ഞൂറ് രൂപ ജില്ല സഹകരണ ബാങ്കുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ബാങ്കുകളിൽ അക്കൗണ്ട് എടുത്ത രണ്ട് ലക്ഷത്തോളം ഉപഭോക്താക്കൾക്ക് നഷ്ടമായതായി കെ.സുരേന്ദ്രൻ ആരോപിച്ചു. ഉപഭോക്താക്കളുടെ വിവരങ്ങൾ കേന്ദ്ര സർക്കാരിന് കൈമാറാത്തതാണ് പണം നഷ്ടമാകാൻ കാരണമായത്. അടുത്ത ഗഡു വിതരണം ആരംഭിക്കാൻ ഇരിക്കേ ബാങ്കുകൾ ഉപഭോക്താക്കളുടെ വിവരം ഉടൻ കൈമാറണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെടു. മാത്രമല്ല സഹകരണ വകുപ്പിന്റെ അനാസ്ഥയാണ് പണം നഷ്ടമാകാൻ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.