കൊച്ചി: ഫ്ലാറ്റ് പൊളിക്കൽ മരട് നഗരസഭാ ഭരണത്തെയും സ്തംഭനാവസ്ഥയിലാക്കുന്നു. നിലവിൽ സെക്രട്ടറിയുടെ അധികചുമതല വഹിക്കുന്ന സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഫ്ലാറ്റ് പൊളിക്കൽ ഒഴികെയുള്ള ഭരണകാര്യങ്ങളിൽ ഇടപെടുകയോ, പ്രധാന ഫയലുകളിൽ ഒപ്പിടുകയോ ചെയ്യുന്നില്ല.
ഭരണസ്തംഭനം, പ്രത്യേകം വിളിച്ചുചേർത്ത നഗരസഭാ കൗൺസിൽ യോഗത്തെയും ബഹളത്തിലാക്കി. യോഗത്തിൽ സെക്രട്ടറി പങ്കെടുക്കാത്തത് ഭരണ-പ്രതിപക്ഷ അംഗങ്ങളെ ഒരു പോലെ ചൊടിപ്പിച്ചു. എൽ ഡി എഫ് ഭരണകാലത്തുനടന്ന നിർമ്മാണ അഴിമതിയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഭരണപക്ഷത്തെ യുഡിഎഫ് അംഗങ്ങളും, ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി എൽഡിഎഫും രംഗത്തുവന്നതോടെ കൗൺസിലിൽ ബഹളവും വാക്കേറ്റവുമായി. ഇതോടെ കൗൺസിൽ യോഗം നിർത്തിവച്ചു. തുടർന്ന് ഹാളിന് പുറത്തായി പ്രതിഷേധങ്ങൾ.
അതേസമയം, സുപ്രീംകോടതി വിധി പ്രകാരം പൊളിച്ചുനീക്കുന്ന ഫ്ലാറ്റുകളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഞായറാഴ്ച തുടങ്ങും. നിലവിൽ തയ്യാറാക്കിയ കർമ്മപദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചിട്ടുണ്ട്. എന്നാൽ താമസമൊഴിയാൻ കൂടുതൽ സമയം വേണമെന്ന് ഫ്ലാറ്റുടമകൾ ആവശ്യപ്പെട്ടു. ഇതിനിടെ പലരും ഫ്ലാറ്റുകൾ ഒഴിയാൻ ആരംഭിച്ചിട്ടുണ്ട്. വീട്ടുസാധനങ്ങളെല്ലാം മറ്റിടങ്ങളിലേക്ക് മാറ്റിതുടങ്ങി.COURTESY.. Janam.