സ്കൂൾ കോളേജുകളിൽ സമരവും പഠിപ്പുമുടക്കും ഇനി വേണ്ട’: വിലക്കേർപ്പെടുത്തി ഹൈക്കോടതിയുടെ ഉത്തരവ്:
കൊച്ചി: കലാലയ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന പഠിപ്പ് മുടക്ക്, മാര്‍ച്ച്, ഘെരാവോ എന്നിവ സ്കൂളുകളിലും കോളേജുകളിലും നടത്തുന്നതിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി. സമരത്തിനോ പഠിപ്പ് മുടക്കിനോ ആരെയും പ്രേരിപ്പിക്കാനോ പാടില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ നിന്നുള്ള രണ്ട് സ്കൂളുകളുടെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കാരണം വലിയ തോതില്‍ ക്ലാസുകള്‍ നഷ്ടപ്പെടുന്നു. ഇക്കാര്യത്തില്‍ കോടതി ഇടപെടണം. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവുണ്ട്. അത് നടപ്പാക്കുന്നില്ല തുടങ്ങിയവയാണ് സ്കൂളധികൃതര്‍ കോടതിയില്‍ ഉന്നയിച്ചത്. ഇത് പരിഗണിച്ച് വാദം കേട്ടതിന് ശേഷമാണ് നിര്‍ണായക വിധി കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.
കലാലയ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമാധാന അന്തരീക്ഷം തകര്‍ക്കുന്ന വിധത്തിലുള്ള പഠിപ്പ് മുടക്ക്, ജാഥ, സമരം, ഘെരാവോ തുടങ്ങിയവയൊന്നും പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കലാലയങ്ങളുടെ ക്യാമ്പസിനുള്ളില്‍ ഇത്തരം രീതികള്‍ അനുവദിക്കാനാകില്ല. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനമായി കരുതണം. ഒരു വിദ്യാര്‍ഥിയേയും സമരത്തിനോ, പഠിപ്പുമുടക്കിനോ വിളിച്ചിറക്കാന്‍ മറ്റൊരു വിദ്യാര്‍ഥിക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
കലാലയങ്ങളില്‍ പഠിക്കാനെത്തുന്ന ഏതൊരു വിദ്യാര്‍ഥിക്കും തന്റേതായ മൗലികാവകാശങ്ങളുണ്ട്. ഇത്തരത്തില്‍ ഒരു വിദ്യാര്‍ഥിയുടെ പഠിക്കാനുള്ള അവകാശത്തിന്മേല് കടന്നുകയറാന്‍ മറ്റൊരു വിദ്യാര്‍ഥിക്ക് അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിന് വിപരീതമായി എന്തെങ്കിലും സംഭവിച്ചാല്‍ അതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
സ്കൂളുകളിലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെങ്കില്‍ ആ സ്കൂളുമായി ബന്ധപ്പെട്ട അധികാരികള്‍ക്കോ, ഡിഇഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കോ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാം. അവര്‍ക്ക് കലാലയത്തിലെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ പോലീസിനെ വിളിച്ചുവരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാം. കോളേജ് ക്യാമ്പസുകളിലും സമാനമായ നടപടികള്‍ സ്വീകരിക്കണം. ക്യാമ്പസ് പഠിക്കാനുള്ളതാണ്. അല്ലാതെ മറ്റൊരാളുടെ അവകാശങ്ങള്‍ നിഷേധിക്കാനോ, സമാധാന അന്തരീക്ഷം തകര്‍ക്കാനോ ഉള്ള സ്ഥലമല്ല. എന്നാല്‍ ക്യാമ്പസുകള്‍ക്കുള്ളില്‍ ചര്‍ച്ചകളും ചിന്തകളുമാകാം. ഏതുവിഷയത്തേപ്പറ്റിയും സമാധാനപരമായ ചര്‍ച്ചകള്‍ നടത്താം. എന്നാല്‍ അതിന്റെ പേരില്‍ മറ്റൊരു വിദ്യാര്‍ഥിയെ സമ്മര്‍ദ്ദം ചെലുത്തി സമരത്തിലേക്കോ പഠിപ്പുമുടക്കിലേക്കോ നയിക്കുന്നത് അനുവദിക്കാനാകില്ല. ഒരു വ്യക്തിയുടെ അവകാശങ്ങള്‍ മറ്റൊരാളുടെ മൂക്കിന്‍തുമ്പത്ത് അവസാനിക്കുന്നുവെന്നും കോടതി ഉത്തരവിൽ പറയുന്നു.courtesy..brave india news.