ന്യൂഡൽഹി : ശ്രീലങ്കയിൽ ചാവേർ സ്ഫോടനം നടത്തിയ ഭീകരർ കേരളത്തിലുമെത്തിയെന്ന് ശ്രീലങ്കൻ സേനാ മേധാവി മഹേഷ് സേനാനായകെ. കേരളത്തിലും കശ്മീരിലും ബംഗളൂരുവിലുമെത്തിയ ഇവർ പരിശീലനം നേടിയിരിക്കാമെന്നും സേനാനായകെ. ഇന്ത്യയിലെ സമാന സംഘടനകളുമായി ഈ ഭീകരർ ബന്ധമുണ്ടാക്കിയെന്നാണ് കരുതുന്നതെന്നും അദ്ദേഹം ബിബിസിക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.
അതേസമയം ഇന്ത്യൻ ഇന്റലിജൻസ് ആക്രമണത്തെപ്പറ്റി സൂചന നൽകിയിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. പക്ഷേ വിവരങ്ങൾ ശരിയായി മനസ്സിലാക്കിയെടുക്കുന്നതിൽ പിഴവ് സംഭവിച്ചു.
കഴിഞ്ഞ പത്തുവർഷമായി യാതൊരു പ്രശ്നവും ശ്രീലങ്കയിലില്ല. സുരക്ഷയെപ്പറ്റി ജനങ്ങൾ ഓർത്തതേയില്ല. ഓർക്കാപ്പുറത്തുള്ള ആക്രമണമായിരുന്നു. അതുകൊണ്ട് തന്നെ ഫലപ്രദമായി വിവരങ്ങൾ ശേഖരിക്കാനോ വിശകലനം ചെയ്യാനോ കഴിഞ്ഞില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശികളടക്കം മുന്നൂറിലധികം പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ സ്ഫോടനങ്ങൾക്ക് പിന്നിൽ നാഷണൽ തൗഹീദ് ജമാ അത്തെന്ന പ്രാദേശിക തീവ്രവാദ സംഘടനയാണെന്ന് ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കിയിരുന്നു.ഈ സംഘടനയ്ക്ക് തമിഴ്നാട്ടിലും പ്രാദേശിക രൂപമുണ്ട്. ചാവേർ ആക്രമണം നടത്തിയെന്ന് കരുതുന്ന തൗഹീദ് ജമാ അത്ത് തലവൻ സഹ്രാൻ ഹാഷിം കേരളത്തിലെത്തിയതായി നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന് എൻ.ഐ.എ കേരളത്തിലും തമിഴ്നാട്ടിലും റെയ്ഡ് നടത്തിയിരുന്നു. കേരളത്തിൽ നിന്ന് ഐഎസ് ബന്ധമുള്ള റിയാസ് അബൂബക്കർ എന്നയാളും അറസ്റ്റിലായി.
തമിഴ്നാട്ടിൽ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീദ് ജമാഅത്ത് സംഘടനകളുടെ ഓഫീസുകളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. എന്‍ഐഎ കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.news courtesy..janam tv